ഡല്‍ഹി: സൗദി അറേബ്യയില്‍ കുടുങ്ങിയ യുവതിക്ക് സഹായഹസ്തവുമായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. പഞ്ചാബ് സ്വദേശിനിക്കാണ് സഹായഹസ്തവുമായി സുഷമാ സ്വരാജ് എത്തിയത്. സൗദിയിലെ ദവാദ്മിയില്‍ തൊഴിലുടമയുടെ ക്രൂരപീഡനങ്ങള്‍ സഹിക്കുകയാണെന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള യുവതിയുടെ അഭ്യര്‍ഥനയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഈ യുവതിക്കാണ് സഹായവുമായി സുഷമ ഇടപെട്ടത്.
സഗ്രുരില് നിന്നുള്ള ആം ആദ്മി പാര്‍ട്ടി എം പി ഭഗവന്ത് മന്നിനോടായിരുന്നു യുവതി സഹായം അഭ്യര്‍ഥിച്ചത്. യുവതിയുടെ വാര്‍ത്തയറിഞ്ഞ സുഷമാ സ്വരാജ് റിയാദിലെ ഇന്ത്യന്‍ എംബസിയോട് വിഷയത്തില്‍ ഇടപെടാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി കൊണ്ട് സുഷമ ട്വീറ്റും ചെയ്തു.
Javed – please reach her at the earliest. @IndianEmbRiyadh https://t.co/2D4aWBLf7B via @aajtak
— Sushma Swaraj (@SushmaSwaraj) October 11, 2017
ഇന്ത്യാ ടുഡേയാണ് യുവതി വീഡിയോയിലൂടെ സഹായാഭ്യര്‍ഥന നടത്തുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സൗദി തലസ്ഥാനമായ റിയാദില്‍നിന്ന് 200 കിമി പടിഞ്ഞാറുള്ള ദാവദ്മിയിലാണ് താനുള്ളതെന്നായിരുന്നു യുവതി വീഡിയോയില്‍ പറഞ്ഞത്. വളരെ പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് താനെന്നും കഴിഞ്ഞവര്‍ഷമാണ് സൗദി അറേബ്യയിലെത്തിയതെന്നും യുവതി പറയുന്നുണ്ട്. ഭഗവന്ത് സാര്‍ എന്നെ ദയവായി സഹായിക്കു. ഞാന്‍ വലിയ കുഴപ്പത്തിലാണ് പെട്ടിരിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ ഇവിടെ പീഡിപ്പിക്കപ്പെടുകയാണ്. ഹോഷിയാര്‍പുറിലെ പെണ്‍കുട്ടിയെ നിങ്ങള്‍ രക്ഷിച്ചില്ലേ? എന്നെയും രക്ഷിക്കൂ.- യുവതി വീഡിയോയില്‍ പറയുന്നു.
പലദിവസങ്ങളിലും ഭക്ഷണം പോലും നല്‍കാറില്ലെന്നും ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നു. തന്നെ അവര്‍ ഒരു മുറിയില്‍ പൂട്ടിയിട്ടെന്നും താന്‍ കൊല്ലപ്പെടുമോ എന്ന് ഭയക്കുന്നെന്നും യുവതി പറയുന്നുണ്ട്. താന്‍ വിവാഹിതയാണെന്നും രണ്ടുകുഞ്ഞുങ്ങളുടെ അമ്മയാണെന്നും യുവതി പറയുന്നുണ്ട്. പഞ്ചാബില്‍ എവിടെ നിന്നാണെന്നോ പേരെന്താണെന്നോ യുവതി വീഡിയോയില്‍ വ്യക്തമാക്കുന്നില്ല.
Discussion about this post