കൊച്ചി: അങ്കമാലിയിലെ റിയര്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവിന്റെ കൊലപാതകക്കേസിലെ ഏഴാംപ്രതി അഡ്വക്കേറ്റ് സി പി ഉദയഭാനുവിന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. തൃപ്പൂണിത്തുറയിലെ വീട്ടിലും കൊച്ചിയിലെ ഓഫീസിലുമാണ് അന്വേഷണുദ്യോഗസ്ഥനായ ഷംസുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തുന്നത്.
ഉദയഭാനുവിനെ അറസ്റ്റ് ചെയ്യുന്നത് വിലക്കിയ ഹൈക്കോടതി നോട്ടീസ് നല്കി ചോദ്യംചെയ്യാന്‍ തടസ്സമില്ലെന്ന് ഇന്നലെ അറിയിച്ചിരുന്നു. കേസിലെ ഒന്നുമുതല്‍ ആറുവരെ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. ഫോണ്‍സംഭാഷണങ്ങളുടെ വിവരം ഉള്‍പ്പെടെ അന്വേഷണത്തില്‍ ലഭിച്ച കാര്യങ്ങള്‍ പോലീസ് മുദ്രവെച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ചാലക്കുടി പരിയാരം തവളപ്പാറയില്‍ ഒഴിഞ്ഞ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 29-നാണ് രാജീവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാജീവനെ തട്ടിക്കൊണ്ടു പോകുന്നതും ബലം പ്രയോഗിച്ച് രേഖകള്‍ ഒപ്പിട്ടുവാങ്ങുന്നതും ഉള്‍പ്പെടെയുള്ള എല്ലാ ഗൂഢാലോചനകളിലും ഉദയഭാനുവിന് വ്യക്തമായ പങ്കുണ്ടെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
ഉദയഭാനുവില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് ഡിജിപിക്കും ഹൈക്കോടതിയിലും കൊല്ലപ്പട്ടെ രാജീവ് പരാതി നല്‍കിയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വെളിപ്പെടുത്തിയിരുന്നു.
Discussion about this post