ഡല്‍ഹി: രാജ്യമെങ്ങും ദീപാവലി ആഘോഷ നിറവിലാണ്. തിന്മയ്ക്കു മേല്‍ നന്മ നേടിയ വിജയത്തിന്റെ ഓര്‍മയിലാണ് ദീപാവലി ആഘോഷം. കേരളത്തില്‍ ഇന്നാണ് ദീപാവലി ആഘോഷമെങ്കിലും ഉത്തരേന്ത്യയില്‍ ദീപാവലി നാളെയാണ് ആഘോഷിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന ആഘോഷമാണ് ദീപാവലി.
രാവണവധവും 14വര്‍ഷത്തെ വനവാസവും കഴിഞ്ഞെത്തിയ ശ്രീരാമനെ അയോധ്യയിലേക്ക് ദീപങ്ങള്‍ തെളിയിച്ച് സ്വീകരിച്ചതും, ശ്രീകൃഷ്ണന് നരകാസുരനെ വധിച്ചതുമൊക്കെയായി ദീപാവലിയുടെ ഐതിഹ്യങ്ങളും നിരവധിയാണ്. ജൈനമതക്കാര്‍ മഹാവീരന്റെ നിര്‍വാണം നേടിയ ദിവസമായാണ് ദീപാവലി ദിനത്തെ അനുസ്മരിക്കുന്നത്.
വീടുകളും സ്ഥാപനങ്ങളും ദീപങ്ങളാല്‍ അലങ്കരിച്ചും പടക്കം പൊട്ടിച്ചുമാണ് ആഘോഷം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഡല്‍ഹിയിലും പഞ്ചാബിലും ഇക്കുറി പടക്കം നിരോധിച്ചിട്ടുണ്ട്. അന്തരീക്ഷ മലിനീകരണം കൂടിവരുന്നത് കണക്കിലെടുത്ത് സുപ്രീംകോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്. ജിഎസ്ടി നിലവില്‍ വന്നശേഷം വ്യാപാരം പൊതുവേ കുറവായിരുന്ന കച്ചവടക്കാര്‍ക്ക് നിരോധനം ഇരുട്ടടിയായി.
കുടുംബങ്ങളുടെ ഒത്തുചേരലും മധുരപലഹാരങ്ങള്‍ പങ്കുവയ്ക്കലുമായി ആഘോഷം ഏകതയുടെ പ്രതീകമാകും. ആഘോഷത്തിനിടെ ആക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആളുകള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ ശക്തമാക്കി.
Discussion about this post