തൃശ്ശൂര്‍: ധനകാര്യസ്ഥാപനങ്ങളില്‍ അരലക്ഷത്തില്‍ കൂടുതലുള്ള ഇടപാടിന് തിരിച്ചറിയല്‍രേഖയുടെ ഒറിജിനല്‍ ഹാജരാക്കണമെന്ന് കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ബാങ്കുകള്‍ക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പണമിടപാട് നടത്തുന്ന സഹകരണസ്ഥാപനങ്ങള്‍ക്കും നിയമം ബാധകമാണ്.
അന്‍പതിനായിരം രൂപയില്‍ കൂടുതല്‍ മറ്റൊരാളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയോ അക്കൗണ്ടിലൂടെയല്ലാതെ പിന്‍വലിക്കുകയോ ചെയ്യുന്നവരെ പിടികൂടുകയാണ് ലക്ഷ്യം. ഒറിജിനല്‍ രേഖയുെട പകര്‍പ്പ് ബാങ്ക് സൂക്ഷിക്കുകയും ഇടപാടുനടത്തിയ അക്കൗണ്ടില്‍ രേഖപ്പെടുത്തുകയും വേണം.
നിലവില്‍ 50,000 രൂപയില്‍ കൂടുതലുള്ള നിക്ഷേപത്തിന് പാന്‍കാര്‍ഡ് നിര്‍ബന്ധമാണ്. മിക്ക ബാങ്കുകാരും ഇടപാടുകാരുമായുള്ള പരിചയത്തിന്റെ പേരില്‍ പാന്‍കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ബന്ധിക്കാറില്ല.
കൗണ്ടറിലൂടെ ബെയറര്‍ ചെക്ക് ഉപയോഗിച്ചുള്ള പണം പിന്‍വലിക്കലിന് രേഖകളൊന്നും ഇതേവരെ ചോദിച്ചിരുന്നില്ല. ഓര്‍ഡര്‍ െചക്കുകള്‍ക്ക് ബാങ്കുകള്‍ക്ക് ആവശ്യമെങ്കില്‍മാത്രം തിരിച്ചറിയല്‍രേഖ വാങ്ങാമെന്നാണ് നിയമം. തിരിച്ചറിയല്‍ രേഖയുെട പകര്‍പ്പാണ് മിക്കവരും ഹാജരാക്കിയിരുന്നത്. ഇതിന്റെ ആധികാരികത പരിശോധിക്കുകയോ പകര്‍പ്പ് ബാങ്ക് സൂക്ഷിക്കുകയോ ചെയ്തിരുന്നില്ല.
ബാങ്കില്‍ ആധാറോ പാന്‍കാര്‍ഡോ ബന്ധിപ്പിക്കാതെ ഇടപാട് നടത്തുന്നവരെ പിടികൂടുകയാണ് നീക്കമെന്നറിയുന്നു. പാന്‍-ആധാര്‍ ബന്ധിപ്പിക്കല്‍ നടത്തേണ്ട അവസാനദിവസത്തിനുമുന്നേ പരമാവധി തുക മറ്റുള്ളവരുടെ കൈകളിലേക്ക് മാറ്റുന്നതിനുള്ള നീക്കം നടക്കുന്നുണ്ട്. രണ്ടുമാസത്തിലേറെ പഴക്കമില്ലാത്ത വൈദ്യുതബില്‍, വാട്ടര്‍ ബില്‍, പോസ്റ്റ്പെയ്ഡ് മൊബൈല്‍ ബില്‍, ടെലിഫോണ്‍ ബില്‍ തുടങ്ങിയവയും തിരിച്ചറിയല്‍രേഖയായി ഉപയോഗിക്കാം.
Discussion about this post