കാണ്‍പുര്‍: മൂന്നാം ഏകദിനത്തില്‍ ന്യൂസിലന്‍ഡിനെ ആറു റണ്‍സിന് പരാജയപ്പെടുത്തി തുടര്‍ച്ചയായ ഏഴാം പരമ്പര സ്വന്തമാക്കി ഇന്ത്യ. അവസാന ഓവര്‍വരെ ആവേശകരമായ മത്സരത്തില്‍ ഇന്ത്യയുടെ കൂറ്റന്‍ സ്കോറിനെ പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 337 റണ്‍സ് പിന്നില്‍ വെല്ലുവിളി അവസാനിപ്പിച്ചു.
കോളിന് മുണ്‍റോ (75), ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് (64), ടോം ലാതം (65) എന്നിവരുടെ അര്‍ധസെഞ്ചുറി മികവില്‍ കിവികള്‍ തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ഇന്ത്യന്‍ വിജയത്തെ തടുക്കാനായില്ല. റോസ് ടെയ്ലര് (39), ഹെന്‍ട്രി നിക്കോള്‍സ് (37) എന്നിവരും മികച്ച പ്രകടനം നടത്തിയിട്ടും അവസാന ഓവറുകളിലെ സമ്മര്‍ദം അതിജീവിക്കാനാവാതെ ന്യൂസിലന്‍ഡ് വീണു.
46.5 ഓവറില്‍ 306 ന് നാല് വിക്കറ്റ് എന്ന നിലയില്‍നിന്നാണ് കിവികള്‍ കൂപ്പുകുത്തിയത്. അര്‍ധസെഞ്ചുറിയുമായി കിവികളെ വിജയത്തിലേക്കു നയിക്കുകയായിരുന്ന ടോം ലാതം 47.5 ാം ഓവറില്‍ പുറത്തായതാണ് മത്സരത്തില്‍ നിര്‍ണായകമായത്. ഗ്രാന്ഡ്ഹോമിയുമായുള്ള ആശയക്കുഴപ്പം റണ്‍ഔട്ടില്‍ കലാശിക്കുകയായിരുന്നു.
നേരത്തെ നായകന്റെയും ഉപനായകന്റെയും സെഞ്ചുറി മികവിലാണ് ഇന്ത്യ കൂറ്റന്‍സ്കോര്‍ കണ്ടെത്തിയത്. നിശ്ചിത 50 ഓവറില്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 337 റണ്‍സ് വിജയലക്ഷ്യം കുറിച്ചു. രോഹിത് ശര്‍മയും (147) കോഹ്ലിയും (113) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 230 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.
138 പന്ത് നേരിട്ട രോഹിത് രണ്ട് സിക്സറുകളും 18 ഫോറുകളും അടിച്ചുകൂട്ടി. 106 പന്തുകളില്‍ ഒരു സിക്സും ഒന്‍പത് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു നായകന്റെ ഇന്നിംഗ്സ്. ശിഖര്‍ ധവാന് (14), ഹാര്‍ദിക് പാണ്ഡ്യ (8), ധോണി (25), കേദാര്‍ ജാദവ് (18) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. ദിനേഷ് കാര്‍ത്തിക് മൂന്നു പന്തില്‍ നാല് റണ്‍സുമായി പുറത്താകാതെ നിന്നു.
Discussion about this post