ഡല്‍ഹി: ഏഴ് സംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി. മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍ പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമാക്കി വിജ്ഞാപനമിറക്കണമെന്നാണ് ആവശ്യം. ബി.ജെ.പി. നേതാവ് അഡ്വ. അശ്വിനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി നല്‍കിയത്. ഈ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായിട്ടും ഹിന്ദുക്കളെ ഭൂരിപക്ഷമായാണ് കണക്കാക്കുന്നതെന്ന് ഉപാധ്യായ പറഞ്ഞു. അതിനാല്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ഇവിടെ ഹിന്ദുക്കള്‍ക്ക് ലഭിക്കാതെ പോകുന്നു.
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതികവിദ്യാഭ്യാസത്തിന് 20,000 സ്കോളര്‍ഷിപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ട്. ജമ്മു കശ്മീരില്‍ 68.30 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കാണ് 753-ല്‍ 717 സ്കോളര്‍ഷിപ്പും സര്‍ക്കാര്‍ നല്‍കുന്നത്. ഹിന്ദുക്കള്‍ക്ക് ഒന്നുപോലും നല്‍കുന്നില്ലെന്നും 1993-ലെ വിജ്ഞാപനം ഉദ്ധരിച്ച് ഉപാധ്യായ പറയുന്നു. ഇതുപ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി സമുദായങ്ങള്‍ക്കാണ് ന്യൂനപക്ഷ പദവിയുള്ളത്. 2014-ല്‍ ജൈനമതക്കാരെയും കൂട്ടിച്ചേര്‍ത്തു.
ലക്ഷദ്വീപില്‍ 96.20 ശതമാനവും ജമ്മുകശ്മീരില്‍ 68.30 ശതമാനവും മുസ്ലിങ്ങളാണ്. അസം (34.20), ബംഗാള്‍ (27.5), കേരളം (26.6), യു.പി. (19.30), ബിഹാര്‍ (18) എന്നിവിടങ്ങളിലും മുസ്ലിങ്ങള്‍ കുറവല്ലെങ്കിലും അവര്‍ ന്യൂനപക്ഷ പദവി അനുഭവിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. മിസോറം, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. അരുണാചല്‍, ഗോവ, കേരളം, മണിപ്പുര്‍, തമിഴ്നാട്, ബംഗാള്‍ എന്നിവിടങ്ങളിലും ക്രിസ്ത്യാനികള്‍ കുറവല്ല. എങ്കിലും അവര്‍ക്ക് ന്യൂനപക്ഷ പദവിയുണ്ട്. പഞ്ചാബില്‍ സിഖുകള്ക്കാണ് ഭൂരിപക്ഷം. ഡല്‍ഹി, ചണ്ഡീഗഢ്, ഹരിയാണ എന്നിവിടങ്ങളിലും ഇവര്‍ ധാരാളമുണ്ടെങ്കിലും ന്യൂനപക്ഷ പദവിയുടെ പ്രയോജനം അനുഭവിക്കുന്നുവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
Discussion about this post