എറണാകുളം: പനമ്പിള്ളി നഗറിൽ നടുറോഡിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ്. യുവതിയെ ഉടൻ കസ്റ്റഡിയിൽ എടുക്കും. പ്രാഥമിക അന്വേഷണത്തിന് ശേഷം ആയിരുന്നു യുവതിയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.
ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യനില തൃപ്തികരമായാൽ യുവതിയെ കസ്റ്റഡിയിൽ വാങ്ങാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാൽ സുഹൃത്തായിരുന്ന ആൾക്കെതിരെ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു കുഞ്ഞിന്റെ മൃതദേഹം നടുറോഡിൽ വലിച്ചെറിഞ്ഞ നിലയിൽ കണ്ടത്. കൊറിയർ കവറിൽ പൊതിഞ്ഞ നിലയിൽ ആയിരുന്നു മൃതദേഹം. ശുചീകരണ തൊഴിലാളികൾ ആയിരുന്നു സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
കുട്ടിയെ പൊതിഞ്ഞ കവറിൽ നിന്നും വിലാസം പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവതിയെ പിടികൂടിയത്.












