എറണാകുളം: പനമ്പിള്ളി നഗറിൽ അമ്മ റോഡിലേക്ക് വലിച്ചെറിഞ്ഞ നവജാത ശിശുവിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. തലയോട്ടി പൊട്ടിതയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉള്ളത്. താഴെ വീണതിനെ തുടർന്നാകാം ഈ പൊട്ടൽ ഉണ്ടായത് എന്നാണ് നിഗമനം.
റോഡിൽ കിടന്ന കുട്ടിയുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങിയിരുന്നു. ഇതേ തുടർന്നാണോ പൊട്ടൽ ഉണ്ടായത് എന്നും സംശയിക്കുന്നുണ്ട്. തലയോട്ടിയ്ക്ക് പുറമേ കുട്ടിയുടെ കീഴ്ത്താടിയ്ക്കും പൊട്ടലുണ്ട്. പ്രസവ ശേഷം കുട്ടിയെ ശ്വാസം മുട്ടിയ്ക്കുകയും ഇതിന് പിന്നാലെ മരിച്ചെന്ന് കരുതി കുട്ടിയെ വലിച്ചെറിയുകയും ചെയ്തതാകാമെന്നാണ് നിഗമനം. ശ്വാസം മുട്ടിയതിന്റെ ലക്ഷണങ്ങൾ ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
സംഭവത്തിൽ കുട്ടിയുടെ മാതാവായ 23 കാരിയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇതിന് ശേഷം കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. 23കാരിയുടെ ആൺ സുഹൃത്തിനെയും കണ്ടെത്തിയിട്ടുണ്ട്.
വെളളിയാഴ്ച പുലർച്ചെ ശുചിമുറിയിൽ ആയിരുന്നു 23കാരി പ്രസവിച്ചത്. ഇതിന് ശേഷം കവറിലാക്കി സമീപത്തെ മാലിന്യക്കൂമ്പാരത്തിലേക്ക് എറിയുകയായിരുന്നു. എന്നാൽ ഇത് ലക്ഷ്യം തെറ്റി റോഡിൽ വീണു. ഇതോടെയാണ് സംഭവം പുറത്ത് അറിഞ്ഞത്.
Discussion about this post