ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 14 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. ഉത്തർപ്രദേശിലെ വാരാണസിയിൽ നിന്നാണ് അദ്ദേഹം വീണ്ടും ജനവിധി തേടുന്നത്. ഈ മാസം 13 ന് അദ്ദേഹം മണ്ഡലത്തിൽ റോഡ് ഷോയും സംഘടിപ്പിക്കും.
ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ്. തിരഞ്ഞെടുപ്പിന്റെ ഏറ്റവും അവസാനഘട്ടത്തിലാണ് വാരാണസി മണ്ഡലം വിധിയെഴുതുക. സ്ഥാനാർത്ഥികൾക്ക് ഈ മാസം ഏഴ് മുതൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് തുടങ്ങാം. 14 നാണ് അവസാന ദിനം. കോൺഗ്രസിന്റെ മുതിർന്ന നേതാവ് അജയ് റായ് ആണ് പ്രധാനമന്ത്രിയ്‌ക്കെതിരെ മണ്ഡലത്തിൽ മത്സരിക്കുന്നത്.
ഇത് മൂന്നാം തവണയാണ് മണ്ഡലത്തിൽ അജയ് റായ് പ്രധാനമന്ത്രിയ്‌ക്കെതിരെ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയാകുന്നത്. 2014 ലും 2019 ലും ആയിരുന്നു അദ്ദേഹം മണ്ഡലത്തിൽ നിന്നും മത്സരിച്ചത്. എന്നാൽ രണ്ട് തവണയും അജയ് റായ് പ്രധാനമന്ത്രിയോട് പരാജയപ്പെടുകയായിരുന്നു. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ ശ്യാം രംഗീലയാണ് പ്രധാനമന്ത്രിയ്‌ക്കെതിരെ മത്സരിക്കുന്ന മറ്റൊരു സ്ഥാനാർത്ഥി. രാജസ്ഥാൻ സ്വദേശിയായ ശ്യാം രംഗീല സോഷ്യൽ മീഡിയ വഴി ആയിരുന്നു വാരാണസിയിൽ മത്സരിക്കുന്നതായി പ്രഖ്യാപിച്ചത്.
2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3.37 ലക്ഷം വോട്ടുകൾ ആയിരുന്നു പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത്. 2019 ലെ തിരഞ്ഞെടുപ്പ് ആയപ്പോഴേയ്ക്കും ഇത് ഇരട്ടിയായി. 6,74,664 വോട്ടുകൾ ആയിരുന്നു പ്രധാനമന്ത്രിയ്ക്ക് ലഭിച്ചത്. ഇക്കുറിയും വോട്ടുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്നാണ് സൂചന.
Discussion about this post