ഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ മുന്‍ എംപി മുകുള്‍ റോയിക്ക് സുരക്ഷ ഭീഷണിയെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ വിഐപി സുരക്ഷ.ഏര്‍പ്പെടുത്തുന്നു. പശ്ചിമ ബംഗാളില്‍ എവിടെ യാത്ര ചെയ്താലും മൂന്നോ നാലോ കമാന്‍ഡോകളുടെ അകമ്പടി ഇനി മുതല്‍ ഇനി അദ്ദേഹത്തിനുണ്ടാകും. അടുത്ത ദിവസം തന്നെ സിആര്‍പിഎഫ് കമാന്‍ഡോകള്‍ അദ്ദേഹത്തിന്റെ സുരക്ഷ ചുമതല ഏറ്റെടുക്കും. അദ്ദേഹത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് വൈ പ്ലസ് സുരക്ഷ ഒരുക്കിയതെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടാമനും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനുമായിരുന്ന മുകുള്‍ റോയി കഴിഞ്ഞ ദിവസമാണ് ബിജെപിയില്‍ ഔദ്യോഗികമായി ചേര്‍ന്നത്. തൃണമൂലുമായി കുറച്ചു കാലങ്ങളായി അകല്‍ച്ചയിലായിരുന്ന അദ്ദേഹം കഴിഞ്ഞ മാസം രാജ്യസഭാ എംപി സ്ഥാനം രാജിവച്ചിരുന്നു.യുപിഎ മന്ത്രിസഭയില്‍ തൃണമൂലിനെ പ്രതിനിധീകരിച്ച് റെയില്‍വേ വകുപ്പ് ഭരിച്ചയാളാണ് മുകുള്‍ റോയി.
ശനിയാഴ്ച ഡല്‍ഹിയില്‍ ബിജെപി അംഗത്വം സ്വീകരിച്ച മുകുള്‍ റോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്തോഷമുണ്ടെന്ന് പ്രതികരിച്ചിരുന്നു. സമീപ ഭാവിയില്‍ തന്നെ ബംഗാളില്‍ ബിജെപി ഭരണം പിടിക്കും. ബിജെപിയെ ഒരു മതത്തിന്റെ പാര്‍ട്ടിയായി കാണുന്നില്ലെന്നും മതേതര പാര്‍ട്ടിയാണെന്നും മുകുള്‍ റോയി പറഞ്ഞു.
Discussion about this post