പുണെ: ബാറ്റുകൊണ്ടും പന്തുകൊണ്ടും കളം നിറഞ്ഞാടിയ ഓസിസ് താരം ജെയിംസ് ഫോക്നറുടെ മികവില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എട്ടാം സീസണിലെ മൂന്നാം മത്സരത്തില്‍ കിങ്സ് ഇലവന് പഞ്ചാബിനെ രാജസ്ഥാന് റോയല്‍സ് 26 റണ്‍സിന് തോല്പിച്ചു. പുണെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റു ചെയ്ത രാജസ്ഥാന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് അടിച്ചു. മറുപടി ബാറ്റിങ്ങില്‍ എട്ടു വിക്കറ്റ് നഷ്ടപ്പെടുത്തി 20 ഓവറില്‍ 136 റണ്‍സെടുക്കാനേ പഞ്ചാബിന് കഴിഞ്ഞുള്ളു. രാജസ്ഥാന് വേണ്ടി 46 റണ്‍സെടുത്ത ഫോക്നര്‍ 4 ഓവറില്‍ 26 റണ്‍സ് മാത്രം നല്കി മൂന്നു പഞ്ചാബ് വിക്കറ്റുകള്‍ എറിഞ്ഞിട്ടു.
163 റണ്‍സ് ലക്ഷ്യമിട്ടിറങ്ങിയ പഞ്ചാബ് നിരയിലെ വെടിക്കെട്ടുവീരന്‍ ഓപണര്‍ വീരേന്ദര്‍ സെവാഗ് പൂജ്യത്തിന് പുറത്തായി. സെവാഗിന്റെയും അക്ഷര്‍ പട്ടേലിന്റെയും (24) വിക്കറ്റുകള്‍ സ്വന്തമാക്കി ടിം സൗതിയും രാജസ്ഥാന്റെ വിജയത്തില്‍ വലിയ പങ്കാളിയായി. 37 റണ്‍സെടുത്ത മുരളി വിജയ് ആണ് അവരുടെ ടോപ് സ്കോറര്‍. വിജയും വൃദ്ധിമാന്‍ സാഹയും (7) മലയാളി വിക്കറ്റ് കീപ്പര്‍ താരം സഞ്ജു സാംസന്റെ മികവില്‍ റണ്ണൗട്ടാകുകയായിരുന്നു.
Discussion about this post