ഇന്ത്യ-പാകിസ്താൻ സംഘർഷം രൂക്ഷമാകുന്നതിനിടെ താത്ക്കാലികമായി നിർത്തിവച്ച ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഐപിഎൽ മത്സരങ്ങൾ ബിസിസിഐ ഒരാഴ്ചത്തേക്ക് മാറ്റിവെച്ചതായി അറിയിപ്പ് വന്ന് മണിക്കൂറുകൾക്കുള്ളിലാണ് ഇസിബി ടൂർണമെന്റ് നടത്തിപ്പിന് സന്നദ്ധത അറിയിച്ച് രംഗത്തെത്തിയത്.
കൊവിഡ്-19 ഭീഷണിയെത്തുടർന്ന് ഐപിഎൽ 2021 മാറ്റിവച്ചപ്പോഴും ഇസിബി സമാനമായ ഒരു ഓഫർ നൽകിയിരുന്നു.പ്ലേഓഫുകൾ ഉൾപ്പെടെ ടൂർണമെന്റിൽ 16 മത്സരങ്ങൾ കൂടി ഇനി നടക്കാനുണ്ട്.
അതേസമയം പാകിസ്താൻ സൂപ്പർ ലീഗ് (പിഎസ്എൽ) യുഎഇ യിലേക്ക് മാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അപേക്ഷ യുഎഇ നിരസിച്ചിരുന്നു. ഇന്ത്യ-പാക് സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പിഎസ്എല്ലുപോലുള്ള ഒരു ടൂർണമെന്റിന് വേദിയാകുന്നത് സുരക്ഷാ ഭീഷണി ഉയർത്തുമെന്ന ആശങ്ക യുഎഇ ബോർഡിനുണ്ട്. മാത്രമല്ല കഴിഞ്ഞ കുറേ വർഷങ്ങളായി ബിസിസിഐ യുമായി അടുത്ത ബന്ധമാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വെച്ചുപുലർത്തുന്നത്. ഐപിഎൽ മത്സരങ്ങളും ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങളടക്കം യുഎഇ യിൽ വെച്ച് നടന്നിട്ടുണ്ട്. പിഎസ്എല്ലിന് ആതിഥേയത്വം വഹിക്കുന്നത് പാക് ബോർഡിൻറെ ആളായി ചിത്രീകരിക്കുമോ എന്ന ആശങ്ക യുഎഇയ്ക്കുണ്ട്.ഇതാണ് പാകിസ്താനെ നിരസിക്കാനുള്ള കാരണം.
Discussion about this post