ന്യൂഡൽഹി : ഇന്ത്യൻ വെയിറ്റ്ലിഫ്റ്റിങ് ഫെഡറേഷന്റെ അത്‌ലറ്റ്സ് കമ്മീഷന്റെ ചെയർപേഴ്‌സണായി മീരാഭായ് ചാനുവിനെ തിരഞ്ഞെടുത്തു. ടോക്കിയോ ഒളിമ്പിക് ഗെയിംസിലെ വെള്ളി മെഡൽ ജേതാവാണ് മീരാഭായ് ചാനു. സഹ ഭാരോദ്വഹനക്കാരുടെ ശബ്ദം ഉയർത്തിപ്പിടിക്കാനുള്ള അവസരമായി ഈ പുതിയ ചുമതലയെ കാണുന്നു എന്ന് മീരാഭായ് ചാനു പ്രതികരിച്ചു.
ടോക്കിയോ ഒളിമ്പിക്സിൽ 49 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടി കൊണ്ട് രാജ്യത്തിന്റെ അഭിമാനമായ താരമാണ് മീരാഭായ് ചാനു. ഒളിമ്പിക് ഗെയിംസിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ഭാരോദ്വഹന താരമാണ് മണിപ്പൂർ സ്വദേശിനിയായ മീരാഭായ്. 2018 ലും 2022 ലും കോമൺവെൽത്ത് ഗെയിംസിൽ രണ്ട് തവണ സ്വർണ്ണ മെഡൽ ജേതാവായ മീരാഭായ് മുൻ ലോക ചാമ്പ്യൻ കൂടിയാണ്.
“ഫെഡറേഷന്റെ അത്‌ലറ്റ്സ് കമ്മീഷന്റെ ചെയർപേഴ്‌സണായി എന്നെ തിരഞ്ഞെടുത്തതിന് ഇന്ത്യൻ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷനോട് ഞാൻ എന്റെ അതിരറ്റ നന്ദി അറിയിക്കുന്നു. സഹ വെയ്റ്റ് ലിഫ്റ്റർമാരുടെ ശബ്ദം പ്രതിനിധീകരിക്കാനും ഉയർത്തിപ്പിടിക്കാനും അവസരം ലഭിച്ചത് എനിക്ക് വളരെയധികം അഭിമാനകരമാണ്. ഈ റോളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ ഗൗരവമായി എടുക്കുമെന്ന് ഞാൻ പ്രതിജ്ഞയെടുക്കുന്നു. ബാഹ്യ ഘടകങ്ങളാൽ വ്യതിചലിക്കപ്പെടാതെ കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാൻ, അത്ലറ്റുകളുടെ ശബ്ദവും കാഴ്ചപ്പാടുകളും പ്രചരിപ്പിക്കുന്നതിനായി ഞാൻ പ്രവർത്തിക്കും” എന്നായിരുന്നു പുതിയ ചുമതലയെ കുറിച്ച് മീരാഭായ് ചാനു പ്രതികരിച്ചത്.
Discussion about this post