കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരെ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിംഗ് നിരയ്ക്ക് ആശ്വാസമായി മഴ. ഒന്നാം ദിവസത്തെ പോലെ രണ്ടാം ദിവസവും ഭൂരിഭാഗം മഴ അപഹരിച്ച കളിയില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 75 എന്ന നിലയിലാണ്. ഉച്ചഭക്ഷണ സമയത്തോട് അടുപ്പിച്ച് മഴ തകര്‍ത്തു പെയ്തതോടെ ഇന്ത്യ ശ്രീലങ്ക ഒന്നാം ടെസ്റ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിക്കേണ്ടി വന്നു.
മൂന്ന് വിക്കറ്റിന് 17 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിംഗ് തുടങ്ങിയ ഇന്ത്യയ്ക്ക് അധികം വൈകാതെ അജിന്‍ക്യ രഹാനെയെ നഷ്ടമായി. 21 പന്തില്‍ 4 റണ്‍സായിരുന്നു രഹാനെയുടെ സമ്ബാദ്യം. സാഹയ്ക്ക് മുമ്പേ ക്രീസിലെത്തിയ അശ്വിനും 4 റണ്‍സെടുത്ത് പുറത്തായി. അശ്വിന് 29 പന്തുകള്‍ കളിച്ചു ഇതോടെ ഇന്ത്യ 5 വിക്കറ്റിന് 50 എന്ന നിലയിലേക്ക് തകര്‍ന്നു.
എന്നാല്‍ വിക്കറ്റ് കീപ്പര്‍ സാഹയെ ഒരറ്റത്ത് നിര്‍ത്തി ചേതേശ്വര്‍ പൂജാര ഇന്ത്യന്‍ ഇന്നിംഗ്സ് കൂടുതല്‍ കുഴപ്പങ്ങളില്ലാതെ മുന്നോട്ട് നീക്കി. 102 പന്തുകളില്‍ 9 ബൗണ്ടറി സഹിതം 47 റണ്‍സെടുത്ത് പൂജാര പുറത്താകാതെ നില്‍പ്പുണ്ട്. 6 റണ്‍സെടുത്ത സാഹയാണ് കൂട്ടിന്. ഇരുവരും ചേര്‍ന്ന് ഇന്ത്യയ്ക്ക് വേണ്ടി പിരിയാത്ത ആറാം വിക്കറ്റില്‍ 25 റണ്‍സ് ചേര്‍ത്തു.
ഒന്നാം ദിവസം ആറോവറില്‍ ആറും മെയ്ഡനാക്കി മൂന്ന് വിക്കറ്റെടുന്ന സുരംഗ ലക്മലായിരുന്നു ലങ്കയുടെ സ്റ്റാര്‍ ബൗളര്‍. എന്നാല്‍ രണ്ടാം ദിവസം രണ്ട് വിക്കറ്റുമായി ശനകയാണ് തിളങ്ങിയത്. നേരത്തെ ഒന്നാം ദിനം മഴമൂലം വൈകി തുടങ്ങിയ കളിയില്‍ ടോസ് നേടി ഇന്ത്യയെ ലങ്ക ബാറ്റിംഗിന് അയക്കുകയായിരുന്നു. രാഹുല്‍ (0), ധവാന് (8), കോലി (0) എന്നിവരാണ് ഒന്നാം ദിനം പുറത്തായത്.
Discussion about this post