ഇസ്ലാമാബാദ്: പാക് അധീന കശ്മീരിലെ ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാനില്‍ പാക്കിസ്ഥാനെതിരേ വന്‍ ജനകീയ പ്രക്ഷോഭം. പാക് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ നികുതിക്കെതിരേ സ്‌കര്‍ഡുവിലെ വ്യാപാരികളാണ് തെരുവിലിറങ്ങിയത്. മേഖലയില്‍ വ്യാപാരസ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. അനധികൃത നികുതി പിന്‍വലിക്കും വരെ കടകള്‍ തുറക്കില്ലെന്നു വ്യാപാരികള്‍.
തര്‍ക്കപ്രദേശമായി പാക് സുപ്രീം കോടതി തന്നെ പ്രഖ്യാപിച്ചിരിക്കുന്ന മേഖലയില്‍ നികുതി ചുമത്താന്‍ പാക്കിസ്ഥാന് എന്താണ് അവകാശമെന്നു സമരക്കാര്‍ ചോദിക്കുന്നു. ഒരു കുടുംബത്തില്‍ അഞ്ച് അംഗങ്ങളില്‍ കൂടുതലുണ്ടെങ്കില്‍ നികുതി നല്‍കണമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. നിങ്ങളുടെ വീട്ടില്‍ വളര്‍ത്തുന്ന കോഴിക്കു നികുതി കൊടുക്കണമോ. പാലിനു വേണ്ടി വളര്‍ത്തുന്ന പശുവിനു നികുതി കൊടുക്കണമോ. ഇതൊന്നും അംഗീകരിക്കാനാവില്ല- പ്രതിഷേധ പരിപാടിയില്‍ ഒരു വ്യാപാരി ചോദിച്ചു. ഓര്‍ഡിനന്‍സിലൂടെ അനധികൃതമായി നികുതി അടിച്ചേല്‍പ്പിക്കുകയാണു പാക് സര്‍ക്കാരെന്നും വ്യാപാരികള്‍ വ്യക്തമാക്കി.
ഗില്‍ജിത്ത്- ബള്‍ട്ടിസ്ഥാനില്‍ നിന്നു പിരിക്കുന്ന നികുതി അപ്പാടെ കൊണ്ടുപോകുന്ന പാക് ഭരണകൂടം ഈ മേഖലയുടെ വികസനത്തിന് ഒരു രൂപ പോലും ചെലവാക്കുന്നില്ല. അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണ് പാക് നേതൃത്വം. സമരം കറാച്ചി, ക്വറ്റ, ലാഹോര്‍ തുടങ്ങി പാക് പ്രദേശങ്ങളിലേക്കു വ്യാപിപ്പിക്കുമെന്നും വ്യാപാരികള്‍ പ്രഖ്യാപിച്ചു.
Discussion about this post