ഡല്‍ഹി: ഗൃഹോപകരണങ്ങളുടെ നികുതി കുറക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. വാഷിങ് മെഷീന്, റഫ്രിജറേറ്റര്‍ എന്നിവയുടെ നികുതി കുറക്കാനാണ് ആലോചന. ഇവയെ ഉയര്‍ന്ന നികുതി പരിധിയായ 28 ശതമാനത്തില്‍ നിന്ന് ഒഴിവാക്കാനുള്ള തീരുമാനം അടുത്ത ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ പരിഗണിക്കുമെന്ന് കേന്ദ്രം അറിയിച്ചു.
സ്ത്രീകളുടെ ജോലി ഭാരം കുറക്കാന്‍ സഹായിക്കുന്നതാണ് വാഷിങ് മെഷീനുകളും ഡിഷ്വാഷറുകളും. ഇത്തരം ഉപകരണങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുന്നത് ശരിയല്ല. ജി.എസ്.ടി നടപ്പാക്കിയ മറ്റ് രാജ്യങ്ങളിലും ഇത്തരം ഉല്പന്നങ്ങള്ക്ക് കുറഞ്ഞ നികുതിയാണ് ഈടാക്കുന്നത്. ഇതാണ് ഇക്കാര്യത്തില്‍ പുനരാലോചനക്ക് സര്‍ക്കാറിനെ പ്രേരിപ്പിക്കുന്നത്. ഇതിനൊപ്പം എയര്‍ കണ്ടീഷനര്‍ അടക്കമുള്ള ചില ഉപകരണങ്ങളുടെ നികുതിയും സര്‍ക്കാര്‍ കുറച്ചേക്കും. ഗൃഹോപകരണങ്ങള്‍ക്ക് ഉയര്‍ന്ന നികുതി ഈടാക്കുന്നത് വിപണിക്ക് തിരിച്ചടിയായിരുന്നു.
നേരത്തെ, ഗുവാഹത്തിയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗം നിത്യോപയോഗ സാധനങ്ങളുടെ ജി.എസ്.ടി കുറക്കാന്‍ തീരുമാനിച്ചിരുന്നു. 177 സാധനങ്ങള്‍ ഉയര്‍ന്ന നികുതി പരിധിയായ 28 ശതമാനത്തില്‍ നിന്ന് മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. റസ്റ്റോറന്റുകളുടെ നികുതിയും സര്‍ക്കാര്‍ കുറച്ചിരുന്നു.
Discussion about this post