കാസര്‍ഗോഡ്: വ്യക്തി പൂജാ വിവാദത്തിനിടെ കാസര്‍ഗോട്ട് കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന്റെ കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി സഖാക്കളുടെ വെല്ലുവിളി. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പ് അവഗമിച്ച് കാസര്‍ഗോഡ് മുള്ളേരിയ പഞ്ചായത്തിലെ കാറഡുക്കയിലാണ് പി.ജയരാജന്റെ കട്ടൗട്ട് സി.പി.എം ഡി.െവെ.എഫ്.ഐ. പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്.
ജയരാജന് സ്വയം മഹത്വവത്കരിക്കുകയാണെന്നും പാര്‍ട്ടിക്കു മുകളില്‍ വളരാന്‍ ശ്രമിക്കുകയാണെന്നും സി.പി.എം. സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനമുയര്‍ന്നിരുന്നിരുന്നു. എന്നാല്‍ ഇതിനുശേഷം പാര്‍ട്ടിയില്‍ ജയരാജന് ആരാധകര്‍ വര്‍ധിക്കുന്ന സ്ഥിതിയാണുണ്ടായിരിക്കുന്നത്.
സംസ്ഥാന കമ്മിറ്റിയുടെ വിമര്‍ശനത്തിനു ശേഷം നടന്ന കണ്ണൂര്‍ ഏരിയാ സമ്മേളനത്തില്‍ സപ്പോര്‍ട്ട് പി. ജെ. എന്നെഴുതിയ പി. ജയരാജന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ച് രണ്ടുകുട്ടികളുമെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാറഡുക്കയില്‍ ജയരാജന്റെ ഫല്ക്സ് ബോര്‍ഡുയര്‍ന്നത്. ജയരാജന്റെ കട്ടൗട്ട് കാറഡുക്കയില്‍ ഉയര്‍ന്നത് സി.പി.എം. ജില്ലാ നേതൃത്വം ഗൗരവത്തിലെടുത്തിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാനേതൃത്വം കീഴ്ഘടകത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം.
സി.പി.എം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പങ്കെടുത്ത കണ്ണൂരിലെ ദേശീയ സെമിനാറിന്റെ ഉദ്ഘാടനച്ചടങ്ങില്‍ സി.പി.എം ജില്ലാ സെക്രട്ടറി എത്താതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്. സെമിനാറില്‍ പി. ജയരാജന് അധ്യക്ഷനാകുമെന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ജയരാജന്റെ വിട്ടുനില്‍ക്കല്‍ ആകസ്മീകമല്ല എന്നാണ് വിലയിരുത്തല്‍.
Discussion about this post