ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഭീകരസംഘടനയായ ജമാഅത്തു ദഅ്വയുടെ നേതാവുമായ ഹാഫിസ് സെയിദിന്റെ വീട്ടുതടങ്കല്‍ അവസാനിപ്പിക്കാന്‍ പാകിസ്ഥാന്‍ തീരുമാനിച്ചു. വീട്ടുതടങ്കല്‍ നീട്ടണമെന്ന അപേക്ഷ ഇന്ന് ലാഹോര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചെങ്കിലും വേണ്ടത്ര തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി അപേക്ഷ തള്ളുകയായിരുന്നു. ഇതോടെ പത്ത് മാസത്തോളം നീണ്ട വീട്ടുതടങ്കല്‍ പൂര്‍ത്തിയാക്കി ഹാഫിസ് സെയിദ് ഇന്നുതന്നെ പുറത്തിറങ്ങുമെന്നാണ് വിവരം. ഇതോടെ ഒരു ഭാഗത്ത് ഭീകരതയുടെ ഇരകളാണെന്ന് സ്വയം പ്രഖ്യാപിക്കുകയും മറുവശത്ത് ഭീകരസംഘടനകള്‍ക്ക് സഹായം നല്‍കുകയും ചെയ്യുന്ന പാകിസ്ഥാന്റെ ഇരട്ടത്താപ്പ് പുറത്തായി
രാജ്യ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്ന് കാണിച്ച് ഈ വര്‍ഷം ജനുവരി 31 മുതല്‍ ഹാഫിസ് സെയ്ദിനെയും നാല് അനുചരന്മാരെയും സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയിരുന്നു. ആദ്യം 90 ദിവസത്തേക്കായിരുന്നു വീട്ടുതടങ്കലെങ്കിലും പിന്നീടിത് രണ്ട് മാസത്തേക്ക് കൂടി നീട്ടിയിരുന്നു.എന്നാല്‍ ഇതിന് പിന്നാലെ വീട്ടുതടങ്കല്‍ നീട്ടാന്‍ സര്‍ക്കാര്‍ നല്‍കിയ അപേക്ഷ മതിയായ മാനദണ്ഡങ്ങള്‍ പാലിച്ചല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹാഫിസിനെ നേരിട്ട് ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ മാസം കനത്ത സുരക്ഷയില്‍ സെയിദിനെ ലാഹോര്‍ ഹൈക്കോടതിയില്‍ ഹാജരാക്കി തടങ്കല്‍ ഒരു മാസത്തേക്ക് നീട്ടിയിരുന്നു. എന്നാല്‍ വീട്ടുതടങ്കല്‍ നീട്ടാനുള്ള അപേക്ഷയുമായി ഇന്ന് സര്‍ക്കാര്‍ കോടതിയിലെത്തിയെങ്കിലും മതിയായ തെളിവുകള്‍ ഹാജരാക്കിയിരുന്നില്ല. ഇതോടെ കേസ് കോടതി ഡിസംബര്‍ ആറിലേക്ക് നീട്ടി.
തീവ്രവാദികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി ഹാഫിസ് സെയിദിനെ രാഷ്ട്രീയത്തിലിറക്കാന്‍ സൈന്യം പദ്ധതിയിടുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി സെയിദിന്റെയും കൂട്ടാളികളുടെയും വീട്ടുതടങ്കല്‍ അവസാനിപ്പിക്കാന്‍ സൈന്യവും സര്‍ക്കാരും നീക്കം നടത്തിയിരുന്നു. തുടര്‍ന്ന് ഇന്ന് കോടതിയില്‍ മതിയായ തെളിവുകള്‍ ഹാജരാക്കാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നുവെന്നും വിവരമുണ്ട്.
Discussion about this post