ടെഹ്റാൻ; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് ആഗ്രഹം പ്രകടിപ്പിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇറാൻ സന്ദർശന വേളയിൽ ആണ് പാക് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.കശ്മീർ പ്രശ്നമുൾപ്പെടെയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നവെന്നാണ് പാക് പ്രധാനമന്ത്രിയുടെ വാക്കുകൾ.
ഇറാനിയൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമൊത്ത് ടെഹ്‌റാനിൽ നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഷെരീഫ് ഇക്കാര്യം പറഞ്ഞത്. തന്റെ ചതുർരാഷ്ട്ര പര്യടനത്തിന്റെ രണ്ടാം ഘട്ടമായിരുന്നു ഈ സന്ദർശനം. പ്രാദേശിക സമാധാനത്തിന്റെ താൽപ്പര്യങ്ങൾക്കായി ഇന്ത്യയുമായി ചർച്ചകളിൽ ഏർപ്പെടാൻ പാകിസ്താൻ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ സമാധാന വാഗ്ദാനം ഇന്ത്യ സ്വീകരിച്ചാൽ ഗൌരവത്തോടെയും ആതമാർത്ഥമായും സമാധാനത്തിനായുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്ന് ഷെരീഫ് കൂട്ടിച്ചേർത്തു.
കശ്മീർ, ഭീകരത, ജല തർക്കങ്ങൾ, വ്യാപാരം എന്നിവയുൾപ്പെടെ “എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനായി” ഇന്ത്യയുമായി സമാധാന ചർച്ചകൾ നടത്താൻ പാക് പ്രധാനമന്ത്രി സന്നദ്ധത പ്രകടിപ്പിച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു.”കശ്മീർ പ്രശ്‌നവും ജലപ്രശ്നവും ഉൾപ്പെടെയുള്ള എല്ലാ തർക്കങ്ങളും ചർച്ചകളിലൂടെ പരിഹരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, കൂടാതെ വ്യാപാരം, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എന്നിവയിൽ ഇന്ത്യയുമായ സംസാരിക്കാനും ഞങ്ങൾ തയ്യാറാണ്,” ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു.
അതേസമയം, പാക് അധീന കശ്മീരും, അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരായ നിലപാടും സംബന്ധിച്ച് മാത്രമേ പാകിസ്താനുമായി ചർച്ചകൾ സാധ്യമാകൂ എന്ന നിലപാട് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കി.
Discussion about this post