ഡല്‍ഹി: ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത വൈക്കം സ്വദേശിനി അഖിലയുടെ മൊഴി ഇന്ന് സുപ്രീംകോടതി കേള്‍ക്കും. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന് മുന്നിലാണ് ഹാജരാകുന്നത്. വാദം അടച്ചിട്ട കോടതിയില്‍ വേണമെന്ന് അഖിലയുടെ അച്ഛന്‍ അശോകന്‍ ആവശ്യപ്പെട്ടു. ആവശ്യം സുപ്രീംകോടതി പരിഗണിച്ചേക്കും.
ഷെഫിന്‍ ജഹാനും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. അഖിലയുടെ നിലപാട് കേട്ട ശേഷം എന്‍ഐഎ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അഖിലയുടെ മൊഴിയെടുക്കുന്നതിനൊപ്പം പോപ്പുലര്‍ഫ്രണ്ട് വനിതാ നേതാവ് സൈനബയെയും മതംമാറ്റ കേന്ദ്രമായ സത്യസരണിയുടെ ഭാരവാഹികളെയും വിളിച്ചുവരുത്തണമെന്നും അശോകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അഖിലയുടെ വാദം കേള്‍ക്കുന്നതോടെ കേസില്‍ തീര്‍പ്പുണ്ടാകണമെന്ന വാദമായിരിക്കും ഭര്‍ത്താവ് ഷെഫിന്‍ ജെഹാന്‍ ഉന്നയിക്കുക. അതിനിടെ ഷെഫിന്‍ ജഹാന്റെ ഭീകരബന്ധങ്ങള്‍ വ്യക്തമാക്കുന്ന എന്‍ഐഎ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ഷെഫിന്‍ ജെഹാന് വേണ്ടി കപില്‍ സിബലും അശോകന് വേണ്ടി ശ്യാം ദിവാനും എന്‍ഐഎക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനല്‍ മനീന്ദര്‍ സിങ്ങുമായിരിക്കും ഹാജരാവുക.
അഖിലയുടെ മൊഴി എടുത്ത ശേഷം അശോകന്റെയും എന്‍ഐഎയുടേയും വാദങ്ങള്‍ സുപ്രീംകോടതി കേള്‍ക്കും. കേരളത്തില്‍ നടക്കുന്ന ലൗജിഹാദ് കേസുകളുടെ യഥാര്‍ത്ഥ വസ്തുത പുറത്തെത്തിക്കുന്നതാണ് എന്‍ഐഎയുടെ അന്വേഷണ റിപ്പോര്‍ട്ട്.
അശോകന്റെ അപേക്ഷയില്‍ തീരുമാനമെടുത്ത ശേഷമാവും ഹാദിയയുടെ ഭാഗം കേള്‍ക്കുന്ന നടപടികളിലേക്ക് കോടതി പോവുക. സുപ്രിം കോടതി നിര്‍ദ്ദേശപ്രകാരമുള്ള മേല്‍നോട്ടമില്ലാതെ നടക്കുന്ന എന്‍ഐഎ അന്വേഷണം കോടതി അലക്ഷ്യമാണെന്നാണ് ഷെഫിന്‍ ജഹാന്റെ വാദം.
എന്‍ഐഎ കൊച്ചി യൂണിററിലെ ഡിവൈഎസ്പി വിക്രമനെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കണമെന്നും ഷെഫിന്‍ ആവശ്യപെടും. മതം മാറിയതും വിവാഹം കഴിച്ചതുമെല്ലാം സ്വന്തം ഇഷ്ടപ്രകാരമാണെന്നാണ് അഖില എന്‍ഐഎക്ക് നല്‍കിയിരിക്കുന്ന മൊഴി.
എന്നാല്‍ വലിയ തോതില്‍ ആശയം അടിച്ചേല്‍പ്പിക്കപെട്ട അഖിലയുടെ മൊഴി കണക്കിലെടുക്കാനാവില്ലെന്നാണ് എന്‍ഐഎ വ്യക്തമാക്കി. കേരളത്തില്‍ മതം മാറ്റത്തിന് വിധേയരായ നിരവധി ആളുകളില്‍ ഇത്തരത്തില്‍ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ചിട്ടുണ്ട്. ഇതിനു തെളിവായി അത്തരം ആളുകളുടെ മൊഴികളും സുപ്രിംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എന്‍ഐഎ ഉള്‍പെടുത്തിയിട്ടുണ്ട്.
എന്‍ഐഎ വാദങ്ങളെ അശോകനും പിന്തുണയ്ക്കും. ദുര്‍ബ്ബല മാനസിക അവസ്ഥയുളള അഖിലയുടെ വാദങ്ങള്‍ കണക്കിലെടുക്കരുതെന്ന് അശോകനും ആവശ്യപ്പെടും. അഖിലയുടെ ഭാഗം കേട്ട് മാത്രം തീരുമാനത്തിലെത്തില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കേസിലെ ഹര്‍ജിക്കാരനായ ഷെഫിന്‍ ജഹാനും കോടതിയില്‍ ഹാജരാവും. നിര്‍ബ്ബന്ധിത മതപരിവര്‍ത്തനം നടന്നിട്ടില്ലെന്ന് അഖില വെളിപ്പെടുത്തിയ സാഹചര്യത്തില്‍ എന്‍ഐഎ അന്വേഷണ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ഷെഫിന്റെ വാദം.
അഫ്ഗാനിസ്ഥാനിലേക്ക് കടത്തപ്പെട്ട നിമിഷയുടെ മാതാവ് ബിന്ദുവിന്റെ ഹര്‍ജിയും നാളെ കോടതി പരിഗണിച്ചേക്കും.
Discussion about this post