ഡല്‍ഹി: ചട്ടം ലംഘിച്ച് സംഭാവന വാങ്ങിയെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി 30 കോടി നികുതി അടയ്ക്കണമെന്ന് ആദായനികുതി വകുപ്പിന്റെ ഉത്തരവ്. ഡിസംബര്‍ ഏഴിന് മുമ്പ് പണം അടയ്ക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2014-15 കാലഘട്ടത്തില്‍ എഎപിക്ക് ലഭിച്ച സംഭാവനകള്‍ നിയമം ലംഘിച്ചാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. രാഷ്ട്രീയ പാര്‍ട്ടിക്കുള്ള സംഭവനയല്ലാത്തതിനാല് നികുതി നല്‍കണം എന്നാണ് ഉത്തരവ്.
നിയമം ലംഘിച്ച് സംഭാവന സ്വീകരിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ട് നവംബര്‍ 17നാണ് വകുപ്പ് എഎപിക്ക് കത്ത് നല്‍കിയത്. എന്നാല്‍, ഇതിന് വ്യക്തമായ വിശദീകരണം നല്കാന് പാര്‍ട്ടി തയാറായില്ല. തുടര്‍ന്ന് നവംബര്‍ 24ന് പിഴയൊടുക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയായിരുന്നുവെന്ന് ആദായ നികുതി വകുപ്പ് പ്രസ്താവനയില്‍ അറിയിച്ചു.
അതേസമയം ആദായ നികുതി വകുപ്പിന്റെ നോട്ടീസിനെ നിയമപരമായി തന്നെ നേരിടുമെന്ന് എഎപി അറിയിച്ചു.
Discussion about this post