ഡല്‍ഹി: 2008-ലെ മുംബൈ ഭീകരാകമണത്തെ തുടര്‍ന്ന് മിന്നലാക്രമണം നടത്താനുള്ള വ്യോമസേനയുടെ തീരുമാനത്തിന് തടയിട്ടത് അന്നത്തെ യുപിഎ സര്‍ക്കാരെന്ന് വെളിപ്പെടുത്തല്‍. വ്യോമസേന തലവനായിരുന്ന ഫാലി ഹോമി മേജറാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങള്‍ തകര്‍ക്കാനായിരുന്നു തീരുമാനം. മൂന്ന് സൈന്യങ്ങളുടേയും തലവന്മാര്‍ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ലെന്നാണ് വെളിപ്പെടുത്തല്‍. മുംബൈ ആക്രമണം കഴിഞ്ഞ് രണ്ട് ദിവസത്തിനു ശേഷം മൂന്ന് സൈന്യത്തിന്റെയും തലവന്മാരെ പ്രധാനമന്ത്രി മന്മോഹന്‍ സിംഗ് വിളിപ്പിച്ചു.
പാക് അധീന കശ്മീരിലെ ഭീകര കേന്ദ്രങ്ങളില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്താന്‍ എല്ലാം തയ്യാറാണെന്ന് എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമി മേജര്‍ പ്രധാനമന്ത്രിയെ കൂടിക്കാഴ്ചക്കിടെ അറിയിച്ചു. അന്നത്തെ പ്രതിരോധമന്ത്രി എ കെ ആന്റണിയും സന്നിഹിതനായിരുന്നു. എന്നാല്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ നടത്തുന്ന ഒരു ചെറിയ ആക്രമണം പോലും തന്ത്രപ്രധാനമായിരുന്ന ആ സമയത്ത് സര്‍ക്കാര്‍ അനുവാദം നല്‍കിയില്ലെന്നും ഫാലി ഹോമി മേജര്‍ വ്യക്തമാക്കി.
2008-ല്‍ ഇന്ത്യയെ ഞെട്ടിച്ച മുംബൈ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു . കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളും ഉണ്ടായി. സമുദ്രതീരത്തുകൂടി ഇന്ത്യയില്‍ കടന്ന പത്ത് ലഷ്‌കര്‍ ഭീകരരായിരുന്നു ആക്രമണം നടത്തിയത്. ഇതില്‍ ഒരാള്‍ പിടിയിലാവുകയും ബാക്കിയുള്ളവരെ സേന വധിക്കുകയും ചെയ്തിരുന്നു. പിടിയിലായ അജ്മല്‍ അമീര്‍ കസബിന് കോടതി വധശിക്ഷ വിധിച്ചു. കസബിന്റെ വധശിക്ഷ പിന്നീട് നടപ്പാക്കുകയും ചെയ്തു.
പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ പിന്തുണയോടെ ലഷ്‌കര്‍ ഇ ത്വയ്ബ നടത്തിയ ആക്രമണത്തിന്റെ തെളിവുകള്‍ ഇന്ത്യ പാകിസ്ഥാന് കൈമാറിയിരുന്നെങ്കിലും നടപടികളൊന്നുമുണ്ടായില്ല. മുഖ്യ സൂത്രധാരന്മാരായ ഹാഫിസ് സയിദും സഖി ഉര്‍ റഹ്മാന്‍ ലഖ്വിയും പാകിസ്ഥാനില്‍ സ്വൈര വിഹാരം നടത്തുകയാണ്.
അതേസമയം കഴിഞ്ഞവര്‍ഷം ഭീകരര്‍ നടത്തിയ ഉറി ആക്രമണത്തിനു തൊട്ടുപിന്നാലെ കഴിഞ്ഞ സെപ്റ്റംബര്‍ 29 ന് ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നിരവധി ലഷ്‌കര്‍ ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു.
Discussion about this post