പൂന്തുറ: സംസ്ഥാന മന്ത്രിമാര്‍ക്കെതിരെയുള്ള പൂന്തുറയിലെ ജനങ്ങളുടെ പ്രതിഷേധം തണുപ്പിച്ച് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍. മന്ത്രി മേഴ്സികുട്ടിയമ്മയ്ക്കും കടകംപള്ളി സുരേന്ദ്രനും എതിരെ പൂന്തുറയില്‍ ശക്തമായ പ്രതിഷേധം ഉയരുന്നതിനിടെയായിരുന്നു നിര്‍മ്മല സീതാരാമന്റെ വാക്കുകള്‍. കൊഞ്ചം അമൈതിയായരിക്ക്, കൈകുപ്പി കെഞ്ചിറേന് എന്ന് കൈകുപ്പി പറഞ്ഞു കൊണ്ടായിരുന്നു മന്ത്രിയുടെ പ്രസംഗം തുടങ്ങിയത്. നിങ്ങള്‍ ഞാന്‍ പറയുന്നത് കേള്‍ക്കണം, വിഴിഞ്ഞത്ത് ഞാന്‍ പോയിരുന്നു. അവിടെ ഒരമ്മ തന്റെ മകനെ കാണാനില്ല എന്ന് എന്നോട് പറഞ്ഞു. ആ പയ്യന്റെ ഫോട്ടോ വാങ്ങി ഉടന്‍ നടപടി എടുക്കാന്‍ നാവികസേന അഡ്മിറലിന് നിര്‍ദ്ദേശം നല്കി. നിങ്ങളുടെ വേദന എനിക്ക് മനസ്സിലാക്കും. കുടുംബത്തിലൊരാളെ കാണാതായാല്‍ ഉള്ള വേദന എനിക്ക് അറിയാം. അതു കൊണ്ടാണ് ഇവിടെ ഭരണാധികാരികള്‍ എല്ലാം ചെയ്യുമെന്നറിയിച്ചിട്ടും ഞാന്‍ തന്നെ വന്നത്. ഞാനും ഒരു സ്ത്രീയാണ്. നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ ഞാന്‍ തയ്യാറാവണം. ആശങ്ക വേണ്ട കൂടുതല്‍ ശുഭവാര്‍ത്തകളാണ് പ്രതീക്ഷിക്കേണ്ടത്. ലക്ഷദ്വീപില്‍ നിന്നും മറ്റും ലഭിക്കുന്ന വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നതാണ്. അവസാന ആളെ ലഭിക്കുന്നതുവരെ തിരിച്ചില്‍ തുടരും.
പ്രതിഷേധമുയര്ത്തുന്നവര്ക്ക് മൈക്ക് നല്‍കാനും പ്രതിരേധമന്ത്രി ഒരു ഘട്ടത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനമന്ത്രിമാര്ക്കെതിരെ പ്രസംഗത്തിനിടയിലും ചിലര്‍ പ്രതിഷേധം ഉയര്‍ത്തി. ഇത്രയും ദിവസം ഈ സംവിധാനമൊക്കെ എവിടെയായിരുന്നു എന്ന ചോദ്യവും പൂന്തുറയിലെ ജനങ്ങള്‍ ഉയര്‍ത്തി.
”മന്ത്രിമാരുമായും അച്ചന്മാരുമായും ഞാന്‍ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടെ തന്നെ കൊച്ചി പുറംകടലില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നും മലയാളികളായ മത്സ്യത്തൊഴിലാളികളെ ജീവനോടെ രക്ഷപ്പെടുത്തി. ഇപ്പോള്‍ എനിക്ക് അവസാനം ലഭിച്ച സന്ദേശം അനുസരിച്ച ഒരു മലയാളിയെ കൂടി സേന ജീവനോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ മനസ്സിലുള്ള സങ്കടവും ദേഷ്യവുമെല്ലാം എനിക്ക് മനസ്സിലാവും. പക്ഷേ നിങ്ങളോട് ഞാന്‍ കൈകൂപ്പി പറയുകയാണ് ദയവായി നിങ്ങള്‍ ആരും ദേഷ്യപ്പെടുകയോ പൊട്ടിത്തെറിക്കുകയോ ചെയ്യരുത്. ഞങ്ങള്‍ നിങ്ങള്‍ക്കായി ഒന്നും ചെയ്തിട്ടില്ലെന്ന് പറയരുത്. ഇപ്പോഴും ഈ നിമിഷവും ജാഗ്രതയോടെ പുറംകടലില്‍ നമ്മുടെ ആളുകള്‍ നിങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്.
ഇവിടെ ഉത്തരവാദിത്തപ്പെട്ട ഒരു സര്‍ക്കാരുണ്ട് അവര്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഞാനും ഡല്‍ഹിയില്‍ നിന്ന് വന്നിട്ടുണ്ട്. 30-ാം തീയതി രാത്രി മുതല്‍ വ്യാപകമായ രീതിയില്‍ തിരച്ചില്‍ നടക്കുന്നുണ്ട് അത് ഇനിയും ശക്തമായി തുടരും.നിങ്ങള്‍ നിര്‍ത്താന്‍ പറയും വരെ രക്ഷാപ്രവര്‍ത്തനം തുടരും.
30-ാം തീയതി രാത്രി മുതല്‍ എത്ര കപ്പല്‍ എവിടെയൊക്കെ തിരച്ചില്‍ നടത്തി, ഏതൊക്കെ പാതയിലൂടെ കപ്പലുകള്‍ പോയി, എത്ര പേരെ രക്ഷപ്പെടുത്തി, അത് ഏതൊക്കെ നാട്ടുകാരാണ് എന്നീ വിവരങ്ങളൊക്കെ എന്റെ കൈയിലുണ്ട് വേണമെങ്കില്‍ നിങ്ങളുടെ നമ്പര്‍ തരൂ ഞാന്‍ വാട്സാപ്പില്‍ അയച്ചു തരാം.
ഇതുവരെ 405 പേരെ ഈ ആഞ്ഞടിക്കുന്ന കടലില്‍ നിന്നും ഞങ്ങള്‍ക്ക് രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ട്. നിങ്ങളുടെ കൂട്ടത്തിലുള്ള 11 പേര് ഇപ്പോള്‍ സേനകള്‍ക്കും കോസ്റ്റ് ഗാര്‍ഡിനുമൊപ്പം പുറംകടലില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. നിങ്ങള്‍ക്ക് കൊടുത്ത ഒരു വാക്കും ഞങ്ങള്‍ പാലിക്കാതെയിരുന്നിട്ടില്ല. നിങ്ങള്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം ഞങ്ങള്‍ക്ക് മനസ്സിലാവും ദയവായി ശാന്തരാവുക നമ്മളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിത്.”
Discussion about this post