ഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന ക്യാമ്പയിനില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കണക്കുകള്‍ തെറ്റി. തുടര്‍ന്ന് രാഹുലിന് പിന്നീട് ഈ ട്വീറ്റ് പിന്‍വലിക്കേണ്ടി വന്നു. വിലക്കയറ്റത്തിന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ട്വീറ്റിലാണ് തെറ്റ് കടന്നു കൂടിയത്.
സംഭവം ശ്രദ്ധയില്‍പെട്ടതോടെ ആദ്യത്തെ ട്വീറ്റ് ഡിലീറ്റ് ചെയ്ത് കണക്കുകള്‍ ശരിയാക്കി രാഹുല്‍ വീണ്ടും ട്വീറ്റ് ചെയ്യുകയായിരുന്നു.
ഗുജറാത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഓരോ ദിവസവും ട്വിറ്ററിലൂടെ സര്‍ക്കാരിനോട് ഓരോ ചോദ്യം ചോദിക്കാറുണ്ട്. ഇന്നത്തെ ട്വീറ്റിലെ ഏഴാമത്തെ ചോദ്യത്തിനൊപ്പം നല്കിയ പട്ടികയിലാണ് തെറ്റായ കണക്കുകള്‍ നല്‍കിയത്. ബിജെപി സര്‍ക്കാര്‍ സമ്പന്നര്‍ക്ക് മാത്രമോ എന്ന അടിക്കുറിപ്പോടെ നിത്യോപയോഗ സാധനങ്ങളുടെ 2014-2017 വര്‍ഷങ്ങളിലെ വില വിവരപട്ടിക താരതമ്യം ചെയ്ത് രാഹുല്‍ ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു.
2014-ല്‍ 414 രൂപയുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിന് 2017-ല്‍ 742 ആയി വര്‍ധിച്ചുവെന്ന് ട്വീറ്റില്‍ പറയുന്നു. ഇതേകാര്യം ശതമാനക്കണക്കില്‍ പറയാന്‍ ശ്രമിച്ചതാണ് അബദ്ധമായത്. 79 ശതമാനം എന്ന് പറയുന്നതിന് പകരം 179 ശതമാനം എന്നായിരുന്നു ട്വീറ്റ് ചെയ്തത്. പരിപ്പിന് 77 ശതമാനത്തിന് പകരം 177, തക്കാളിക്ക് 185നു പകരം 285, ഉള്ളിക്ക് 100 ശതമാനത്തിനു പകരം 200, പാലിന് 31ന് പകരം 131 എന്നിങ്ങനെയാണ് ട്വീറ്റ് ചെയ്തത്.
ഗുരുതരമായ തെറ്റ് വന്നതിനെ തുടര്‍ന്ന് ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. നേരത്തെ, മോദിക്ക് ചേര്‍ന്ന പണി ചായ വില്ക്കല് തന്നെയാണെന്ന് കളിയാക്കിക്കൊണ്ട് കോണ്‍ഗ്രസിന്റെ യുവദേശ് മാഗസിന് നടത്തിയ ട്വീറ്റും പിന്‍വലിക്കേണ്ടി വന്നിരുന്നു.
Discussion about this post