ചൈനയുടെ വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് ബദലായി ഇന്ത്യയുടെ യൂറേഷ്യന്‍ വ്യവസായ ഇടനാഴി യാഥാര്‍ത്ഥ്യമാകുന്നു. പതിനേഴ് വര്‍ഷമായി തുടരുന്ന നീണ്ടകാലത്തെ ചര്‍ച്ചകള്‍ക്കും പരിശ്രമങ്ങള്‍ക്കും ജനുവരിയോടെ പൂര്‍ണതയില്‍ എത്തിക്കാനാണ് അധികൃതരുടെ നീക്കം. റഷ്യയുമായി ബന്ധിപ്പിച്ചു കൊണ്ടുളള ഈ വ്യവസായ ഇടനാഴി ഇന്ത്യയുടെ വ്യാപാര വാണിജ്യ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കും.
വ്യവസായ ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത് ഇറാന് വഴി കടന്നുപോകുന്ന നിലയിലാണ്. ഇതിലുടെ മറ്റു യൂറോപ്യന്‍ രാജ്യങ്ങളുമായും ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. എല്ലാത്തിനുമുപരി യൂറോപ്പില്‍ സ്വാധീനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചൈന ആവിഷ്ക്കരിച്ച വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിക്ക് ഇന്ത്യയുടെ യൂറേഷ്യന്‍ വ്യവസായ ഇടനാഴി പദ്ധതി കടുത്ത വെല്ലുവിളിയാകും. പദ്ധതിയുടെ തുടക്കമെന്നനിലയില്‍ ജനുവരിയില്‍ റഷ്യയിലേക്കുളള ആദ്യ ചരക്കുനീക്കത്തിന് ഇന്ത്യയില്‍ തുടക്കമിടാനാണ് പദ്ധതി.
2000 സെപ്റ്റംബറിലാണ് വ്യവസായ ഇടനാഴി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യയും റഷ്യയും ഇറാനും കരാറില്‍ ഒപ്പിട്ടത്. ഏറ്റവും ഹ്രസ്വമായ വ്യവസായ ഇടനാഴി എന്ന നിലയിലാണ് ഈ പദ്ധതിക്ക് രൂപം നല്‍കിയത്. ഇന്ത്യന്‍ മഹാസമുദ്രത്തെ ഇറാന് ആമുഖമായുളള പേര്‍ഷ്യന്‍ ഉള്‍ക്കടലും കാസ്പിയന്‍ കടലിടിക്കും കടന്ന് റഷ്യയിലെ വ്യവസായ നഗരമായ സെന്റ് പീറ്റേഴ്സ്ബര്‍ഗുമായി ബന്ധിപ്പിക്കുന്ന നിലയിലാണ് ഇടനാഴി വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഇതിന്റെ ഏറ്റവും വലിയ നേട്ടം യൂറോപ്യന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുളള ചരക്കുനീക്കത്തില്‍ ചെലവ് ചുരുക്കാമെന്നതാണ്. 30 ശതമാനം മുതല്‍ 40 ശതമാനം വരെ ചെലവു ചുരുക്കാമെന്നാണ് കണക്കുകൂട്ടല്‍. ഇത് ഇന്ത്യയുടെ കയറ്റുമതി സാധ്യതകള്‍ക്ക് പുതിയ മാനം നല്‍കും. അതിന് പുറമേ ഏറ്റവും ചുരുങ്ങിയ സമയത്തിനുളളില്‍ ചരക്കുനീക്കം സാധ്യമാകുമെന്നതാണ് മറ്റൊരു സവിശേഷത. യൂറേഷ്യന്‍ മേഖലയിലുളളവര്‍ക്ക് ഒരു ബദല്‍ ഗതാഗതമാര്‍ഗമായും ഇത് ഉപയോഗിക്കാം. ഇന്ത്യയുടെ സഹകരണത്തോടെ നിര്‍മ്മിച്ച ചബഹാര്‍ തുറമുഖത്തിന്റെ ആദ്യ ഘട്ടം കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ചു. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്കുളള വ്യാപാര വാണിജ്യ ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ചബഹാര്‍ തുറമുഖ നിര്‍മ്മാണത്തില്‍ ഇന്ത്യ സഹകരിച്ചത്. ഇതിന് പിന്നാലെ യൂറേഷ്യന്‍ രാജ്യങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുളള വ്യവസായ ഇടനാഴിയും യാഥാര്‍ത്ഥ്യമാകുന്നത് ഇന്ത്യയുടെ വ്യാപാര വാണിജ്യരംഗങ്ങള്‍ക്ക് പുതിയ ഉണര്‍വ് പകരും.
ചബഹാര്‍ തുറമുഖത്തെ വ്യവസായ ഇടനാഴിയുമായി ബന്ധിപ്പിച്ച് മധ്യേഷ്യന്‍ രാജ്യങ്ങളുമായുളള വ്യാപാര വാണിജ്യ ബന്ധം വീപുലീകരിക്കുന്നതിനുളള സാധ്യതയും സര്‍ക്കാര്‍ തേടുന്നുണ്ട്. ഇതിന് പുറമേ മധ്യേഷ്യന്‍ രാജ്യങ്ങള്‍ മറ്റു രാജ്യങ്ങളുമായുളള സഹകരണം മെച്ചപ്പെടുത്തുന്നതിന് വിഭാവനം ചെയ്തിരിക്കുന്ന വിവിധ പദ്ധതികളെ ഇന്ത്യയുടെ പദ്ധതികളുമായി സംയോജിപ്പിക്കുന്നതിന്റെ സാധ്യതയും പരിശോധിക്കുന്നുണ്ട്.
ഇപ്പോള്‍ റഷ്യയിലേക്ക് ഇന്ത്യ ചരക്കുകയറ്റി അയക്കുന്നത് റോട്ടര്‍ഡാം വഴിയുളള സമുദ്രപാതയെ ആശ്രയിച്ചാണ്. മധ്യേഷ്യന്‍ രാജ്യങ്ങളിലേക്ക് ചരക്കുകയറ്റി അയക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളെയും ചൈനയെയുമാണ് മുഖ്യമായി ആശ്രയിക്കുന്നത്. പുതിയ വ്യവസായ ഇടനാഴി ഇതിന് എല്ലാം ഒരു പരിധി വരെ ബദല്‍ ആകുമെന്നും ഇന്ത്യ കണക്കുകൂട്ടുന്നു.
Discussion about this post