മൂന്നാര്‍: നീലക്കുറിഞ്ഞി ഉദ്യാനത്തിന്‍റെ അതിര്‍ത്തി പുനര്‍നിര്‍ണയവുമായി ബന്ധപ്പെട്ട് കുടിയേറ്റക്കാര്‍ക്ക് ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. നിയമാനുസൃത രേഖകളുള്ളവരെ കുടിയൊഴിപ്പിക്കില്ല. പരിശോധനകളുമായി നാട്ടുകാര്‍ സഹകരിക്കണം. കൊട്ടക്കമ്പൂരും വട്ടവടയും സന്ദര്‍ശിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നീലക്കുറിഞ്ഞി ഉദ്യാനത്തിന്റെ അതിർത്തി പുനർനിർണയിക്കുന്നതിന്റെ ഭാഗമായി മൂന്നാറിലെത്തിയതായിരുന്നു മന്ത്രിതല സംഘം.
കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുകയെന്നതാണ് സർക്കാരിന്റെ നയം. അതോടൊപ്പം ജനങ്ങളുടെ ആശങ്കയും അകറ്റും. അർഹരായവരെ കണ്ടെത്താൻ കൂടിയാണ് ഈ പരിശോധന. പരിശോധനയോട് നാട്ടുകാർ സഹകരിക്കണമെന്നും മന്ത്രി ചന്ദ്രശേഖരൻ അഭ്യർത്ഥിച്ചു.
നിർദ്ദിഷ്ട മേഖലയിൽ വരുന്ന ജനവാസ കേന്ദ്രങ്ങൾ സംഘം പരിശോധിക്കും. ബ്ലോക്ക് 58, 62 എന്നിവിടങ്ങളിലാണ് നിർദ്ദിഷ്ട കുറിഞ്ഞി ഉദ്യാനം. അതേസമയം കൈയേറ്റം ഏറെയുള്ള കൊട്ടക്കമ്പൂർ ബ്ലോക്ക് 58 സന്ദർശിക്കാതിരിക്കാൻ മന്ത്രിസഭാ സമിതിക്ക് മേൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. ഇന്ന് വൈകിട്ടോടെ സന്ദർശനം പൂർത്തിയാക്കുന്ന ഉന്നത സംഘം നാളെ അവലോകന യോഗം ചേരും. യോഗത്തിൽ ഇടുക്കി എം.പി, ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
Discussion about this post