ആലപ്പുഴ: ശബരിമല അയ്യപ്പനെ കുറിച്ചുള്ള ട്രോള്‍ ഷെയര്‍ ചെയ്ത എസ്.എഫ്.ഐ പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. എസ്.എഫ്.ഐ അമ്പലപ്പുഴ ഏരിയ കമ്മിറ്റി അംഗവും ഗവ. എന്‍.എസ്.എസ് കോളേജ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ലിയോണ്‍ പീറ്റര്‍ വര്‍ഗീസിനാണ് മര്‍ദ്ദനമേറ്റത്.
വെള്ളിയാഴ്ച കോളേജ് വിട്ടു വരുന്ന വഴി അമ്പലപ്പുഴയില്‍ വച്ചായിരുന്നു രണ്ടു ബൈക്കുകളിലായി എത്തിയ അക്രമി സംഘം ലിയോണിനെ മര്‍ദ്ദിച്ചത്. ഹിന്ദു ദൈവങ്ങളെ ട്രോളുമോടാ എന്നു ചോദിച്ചായിരുന്നു അഞ്ചംഗസംഘം ആക്രമിച്ചതെന്നും ഇയാള്‍ പറയുന്നു.
ശബരിമലയിലെ ദര്‍ശന സമയം കൂട്ടിയതുമായി ബന്ധപ്പെട്ട് ട്രോള്‍ റിപ്പബ്ലിക് എന്ന ഗ്രൂപ്പില്‍ മീശമാധവന് എന്ന സിനിമയില്‍ ജഗതി ശ്രീകുമാറിന്റെ കഥാപാത്രം കണ് പോളകള്‍ക്കിടയില്‍ ഈര്‍ക്കില്‍ വച്ചിരിക്കുന്ന ഒരു രംഗത്തിന്റെ ചിത്രം ഉപയോഗിച്ച് ‘ ദര്‍ശനസമയം കൂട്ടിയത് കാരണം ഹരിവസാനം കേള്‍ക്കാന്‍ കാത്തിരിക്കുന്ന അയ്യപ്പന്’ എന്ന പേരില്‍ ട്രോള്‍ ഇറക്കിയിരുന്നു. തുടര്‍ന്ന് ഈ ട്രോള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന പരാതിയില്‍ സൈബര്‍സെല്‍ കേസ് എടുത്തിരുന്നു. ഇതോടെ നിരവധി പേര് ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതേ ചിത്രം തന്നെയാണ് ലിയോണും തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തത്.
ആക്രമണത്തിന് കുറച്ചു സമയം മുമ്പ് ഒരാള്‍ ഫോണില്‍ വിളിച്ച് അയ്യപ്പനെ കളിയാക്കുന്ന ട്രോള്‍ ഷെയര്‍ ചെയ്തതിന്റെ പേരില്‍ ലിയോണിനെ ശകാരിക്കുകയും വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനുശേഷം വൈകിട്ട് കോളേജ് വിട്ടു പോകും വഴിയാണ് രണ്ടു ബൈക്കുകളിലായി എത്തിയവര്‍ ലിയോണിനെ മര്‍ദ്ദിക്കുന്നത്. ആയുധങ്ങള്‍ സഹിതം എത്തിയ ഇവര്‍ കരണത്ത് അടിക്കുകയും താഴെയിട്ട് ചവിട്ടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് ലിയോണ്‍ പറയുന്നു. ഹിന്ദു ദൈവങ്ങളെ അപമാനിക്കുമോടാ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനമെന്നും ലിയോണ്‍ പറയുന്നു.
ലിയോണിന്റെ ഫോണിലേക്ക് വന്ന് ഭീഷണി കോളിന്റെ നമ്പര്‍ വെച്ച് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
Discussion about this post