മലയാളത്തിലെ യുവതാരങ്ങളിൽ ശ്രദ്ധേയരായ നടൻ ഹക്കീം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി. മതപരമായ ചടങ്ങുകളും ആഘോഷങ്ങളും ഒഴിവാക്കി രജിസ്റ്റർ വിവാഹമാണ് നടത്തിയത്. സന അൽത്താഫ് തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് വിവാഹം കഴിഞ്ഞതായുള്ള ചിത്രങ്ങൾ പങ്കുവെച്ചത്.
ദുൽഖർ സൽമാനെ നായകനാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലൂടെ സിനിമ രംഗത്തേക്ക് കടന്നുവന്ന നടനാണ് ഹക്കീം ഷാജഹാൻ. 2021ൽ പുറത്തിറങ്ങിയ ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് എന്ന ഷോർട്ട് ഫിലിമിലെ പ്രകടനത്തിലൂടെയാണ് അദ്ദേഹം ജനപ്രിയനാകുന്നത്. പ്രണയവിലാസം എന്ന ചിത്രത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രം ഹക്കീം അവതരിപ്പിച്ചിരുന്നു.
വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ദുൽഖർ സൽമാന്റെ സഹോദരി വേഷത്തിലൂടെയാണ് സന അൽത്താഫ് സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മറിയംമുക്ക് എന്ന ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായും അഭിനയിച്ചു. ഒടിയൻ എന്ന ചിത്രത്തിൽ മഞ്ജുവാര്യരുടെ സഹോദരിയായ അന്ധയായ പെൺകുട്ടിയുടെ വേഷം അവതരിപ്പിച്ചാണ് സന അൽത്താഫ് ശ്രദ്ധ നേടുന്നത്.
Discussion about this post