ഹൈദരാബാദ്: പേരിനൊപ്പമുള്ള ഗാന്ധിയാണ് തന്നെ ഈ ചെറിയ പ്രായത്തില്‍ രണ്ട് തവണ ലോക്സഭാ അംഗമാകാന്‍ സഹായിച്ചതെന്ന് ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂര്‍ എം.പി വരുണ്‍ ഗാന്ധി. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പൂര്വികന്മാര് ഇല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദില്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്റെ പേരിന്റെ അവസാനം ഗാന്ധി ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ എന്നെ കേള്‍ക്കാന്‍ തയ്യാറാവുകയില്ല. ഇത്ര ചെറിയ പ്രായത്തില്‍ ഞാന്‍ രണ്ട് തവണ എം.പിയായതിന്റെ കാരണവും ഇത് തന്നെയാണ്. കഴിവുണ്ടായിട്ടും വ്യക്തമായ രാഷ്ട്രീയ പാരമ്പര്യമില്ലാത്തതിന്റെ പേരില്‍ നിരവധി യുവാക്കളാണ് ഇന്ന് രാഷ്ട്രീയത്തില്‍ എത്താതെ പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
14 ലക്ഷത്തോളം വരുന്ന കൃഷിക്കാരും സാധാരണ ജനങ്ങളും 25000 രൂപ ലോണ്‍ എടുത്തതിന്റെ പേരില്‍ ഇന്ന് ജയിലില്‍ കഴിയുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഇപ്പോഴും അസമത്വം നിലനില്‍ക്കുന്നുണ്ട്. പണക്കാരനും പാവപ്പെട്ടവനും ഒരു പോലെയാവുന്ന കാലം വന്നില്ലെങ്കില്‍ നമ്മള് കാണുന്ന ഇന്ത്യ ഒരിക്കലും യാഥാര്‍ത്ഥ്യമാവില്ലെന്നും വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടു.
Discussion about this post