ഹിമാചല്‍ പ്രദേശില്‍ കൂടി കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതോടെ രാജ്യത്ത് കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളുടെ എണ്ണം അഞ്ചായി കുറഞ്ഞു. കര്‍ണാടക, പഞ്ചാബ്, പോണ്ടിച്ചേരി, മിസോറാം, മേഘാലയ എന്നിവയാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍. ഇതില്‍ പഞ്ചാബില്‍ ഈയിടെ ആണ് തെരഞ്ഞെടുപ്പ് നടന്നതും കോണ്‍ഗ്രസ് അധികാരത്തിലെത്തിയതും. ബാക്കിയുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുകയാണ്. കര്‍ണാടകത്തിലും, മേഘാലയയിലും, മിസോറാമിലും. മൂന്നിടത്തും നിലവിലെ ഭരണതുടര്‍ച്ച എളുപ്പമല്ലെന്നാണ് വിലയിരുത്തല്‍
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയയും, മിസോറാമും കൂടി നഷ്ടപ്പെട്ടാല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണമുള്ള സര്‍ക്കാര്‍ ഇല്ലാതാകും.
ഇതിനായുള്ള നീക്കങ്ങള്‍ ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞയുടന്‍ ബിജെപി തുടക്കം കുറിച്ചിരുന്നു. കഴിഞ്ഞ ദിവസം മേഘാലയ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പരോക്ഷമായി പ്രചരണത്തിന് തുടക്കം കുറിച്ചു കഴിഞ്ഞു. മേഘാലയയ്ക്കും, മിസോറാമിനും കേന്ദ്രസര്‍ക്കാര്‍ ചെയ്ത വികസനങ്ങള്‍ അക്കമിട്ട് പറഞ്ഞായിരുന്നു മോദി ഇവിടുത്തെ പരിപാടികളില്‍ പങ്കെടുത്തത്.
ഇരു സംസ്ഥാനങ്ങളിലുമായി രണ്ട് അടിസ്ഥാനവികസന പദ്ധതികള്‍ കൂടി മോദി ഉദ്ഘാടനം ചെയ്തു. ഇരു സംസ്ഥാനങ്ങള്‍ക്കുമായുള്ള ഹൈഡ്രോ ഇലക്ട്രിക് പവര്‍ പ്രോജക്ടും, മേഘാലയയിലെ ഷില്ലോംഗും, നൊങ്കസറ്റോയിനും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
”ആസാമിലെ തെരഞ്ഞെടുപ്പ് കാറ്റ് മേഘാലയയിലും എത്തിയിരിക്കുന്നു, 15 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണം മേഘാലയയെ നശിപ്പിച്ചു കഴിഞ്ഞു”മോദി പറഞ്ഞു.മേഘാലയയെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി നൂറ് കോടി രൂപ അനുവദിക്കുന്നുവെന്നും മോദി പറഞ്ഞു.
ആസാമിലും, മണിപ്പൂരിലും വിജയം നേടിയ ബിജെപിയുടെ മുന്നേറ്റം മിസോറാമിലും മേഘാലയയിലും കോണ്‍ഗ്രസിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. വലിയ തോതില്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപിയിലേക്ക് ഇനിയുള്ള ദിവസങ്ങളില്‍ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും അടിയൊഴുക്കുണ്ടാകുമെന്നതാണ് കോണ്‍ഗ്രസിനെ അലട്ടുന്നത്. ഇരുസംസ്ഥാനങ്ങളിലും വികസന മുരടിപ്പിനെതിരായ ഭരണവിരുദ്ധ വികാരം ഉണ്ടെന്നതും അവരെ ആശങ്കയിലാക്കുന്നു. ഗോത്ര വിഭാഗങ്ങളില്‍ ശക്തമായ സ്വാധീനം നേടുന്ന ബിജെപി ശ്രമങ്ങള്‍ ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ത്രിപുരയിലും മറ്റും വലിയ രാഷ്ട്രീയ മുന്നേറ്റവും ദൃശ്യമാണ്.
വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ ഭാഗമല്ല എന്ന രീതിയിലാണ് മുന്‍ സര്‍ക്കാരുകള്‍ പരിഗണിച്ചിരുന്നത്. ഇത് മാറ്റിയെടുക്കാന്‍ എന്‍ഡിഎയ്ക്ക് കഴിഞ്ഞതോടെ എല്ലാം സംസ്ഥാനങ്ങളും ബിജെപിയ്ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപിയുടെ അവകാശവാദം.
ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള സംസ്ഥാനങ്ങളാണ് കര്‍ണാടകവും പോണ്ടിച്ചേരിയും. വരുന്ന മാര്‍ച്ചില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് കര്‍ണാടകത്തില്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കര്‍ണാടകം ബിജെപിയ്ക്കൊപ്പം നില്‍ക്കുമെന്നാണ് ബിജെപി നേതാക്കളുടെ അവകാശ വാദം.അഴിമതിയും അക്രമവും ജനങ്ങള്‍ക്ക് മടുത്തിരിക്കുന്നുവെന്നാണ് ബിജെപി സംസ്ഥാന നേതാക്കള്‍ പറയുന്നത്. ന്യൂനപക്ഷ പ്രീണനനയങ്ങള്‍ ചൂണ്ടിക്കാട്ടി സിദ്ധരാമയ്യക്കെതിരെ ശക്തമായി ബിജെപി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രചരണങ്ങള്‍ക്ക് അമിത് ഷായുടെ നേതൃത്വത്തില്‍ ഇവിടെയും തുടക്കം കുറിച്ചു കഴിഞ്ഞു.
ഫലത്തില്‍ 2018 കഴിയുന്നതോടെ കോണ്‍ഗ്രസ് ഭരണം പഞ്ചാബിലും ചെറിയ സംസ്ഥാനമായ പോണ്ടിച്ചേരിയിലും മാത്രമായി ഒതുങ്ങുമെന്നാണ് ബിജെപി കേന്ദ്രങ്ങള്‍ വിലയിരുത്തുന്നത്. സിപിഎം ഭരിക്കുന്ന ത്രിപുരയിലും ബിജെപി ഭരണം പിടിക്കുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.
28 സംസ്ഥാനങ്ങളില്‍ 18ഉം എന്‍ഡിഎയാണ് ഭരിക്കുന്നത്
രാജ്യത്തെ 28 സംസ്ഥാനങ്ങളില്‍ 18ഉം ബിജെപിയോ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎയോയാണ് ഭരിക്കുന്നത്.ഇതില്‍ 14 സംസ്ഥാനങ്ങളില്‍ ബിജെപി ഒറ്റക്കാണ് ഭരിക്കുന്നത്. അരുണാചല്‍ പ്രദേശ്, ആസ്സാം, ചത്തീസ്ഗഡ്, ഗോവ, ഹരിയാന, ഗുജറാത്ത്, ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പുര്‍, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് എന്നിവയാണ് ഈ സംസ്ഥാനങ്ങള്‍.
ആന്ധ്രാപ്രദേശ്, ബീഹാര്‍, ജമ്മുകശ്മീര്‍, നാഗാലാന്‍ഡ്, സിക്കിം എന്നീ സംസ്ഥാനങ്ങളാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണമാണ് ഉള്ളത്.
ത്രിപുര കേരളം എന്നി സംസ്ഥാനങ്ങള്‍ സിപിഎം ഭരിക്കുമ്പോള്‍ തമിഴ്നാട്ടില്‍ മോദിയോട് അനുകൂല നിലപാട് സ്വീകരിക്കുന്ന എഐഎഡിഎംകെ സര്‍ക്കാരാണ് ഭരണത്തില്‍.
Discussion about this post