ടെഹ്‌റാൻ; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാനും ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഇവർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന നിലയിൽ കണ്ടെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് പ്രസിഡന്റ് ഉൾപ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒൻപത് പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നത്. പ്രവിശ്യാ ഗവർണർ മാലിക് റഹ്മതി, ഇറാൻ പരമോന്നത നേതാവിന്റെ പ്രതിനിധി ആയത്തുല്ല മുഹമ്ദ് അലി അലെഹഷെം എന്നിവരും ഹെലികോപ്റ്റിൽ റെയ്‌സിക്ക് ഒപ്പമുണ്ടായിരുന്നു. ഇവരെല്ലാം കൊല്ലപ്പെട്ടു. 3 ഹെലികോപ്റ്ററുകളാണ് പ്രസിഡന്റിന്റെ യാത്രാസംഘത്തിലുണ്ടായിരുന്നത്. മറ്റു 2 ഹെലികോപ്റ്ററുകളും സുരക്ഷിതമാണ്.
തുർക്കി ഡ്രോണാണ് ഹെലികോപ്റ്ററിന്റെ ഉറവിടം തിരിച്ചറിഞ്ഞത് അപകട സ്ഥലത്തേക്ക് 73 രക്ഷാപ്രവർത്തകരെ അയച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല.അപകടം നടന്നത് ഇന്നലെയാണെങ്കിലും 14 മണിക്കൂറോളം വൈകിയാണ് രക്ഷാപ്രവർത്തകർക്ക് അപകടസ്ഥലത്ത് എത്താനായാത്. പ്രതികൂല കാലാവസ്ഥയായിരുന്നു വെല്ലുവിളിയായി തീർന്നത്.
കിഴക്കൻ അസർബയ്ജാനിലെ ജോഫയിൽ ഞായറാഴ്ചയാണ് അപകടമുണ്ടായത്. അസർബയ്ജാനുമായിച്ചേർന്ന അതിർത്തിയിലെ അറസ് നദിയിലുണ്ടാക്കിയ രണ്ട് അണക്കെട്ടുകൾ ഉദ്ഘാടനംചെയ്തശേഷം വടക്കുപടിഞ്ഞാറൻ ഇറാനിലെ തബ്രീസ് പട്ടണത്തിലേക്കു മടങ്ങുകയായിരുന്നു പ്രസിഡന്റും സംഘവും. ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമേനിയുടെ മാനസപുത്രനാണ് റെയ്‌സി.
Discussion about this post