കൊച്ചി: സോളാർ കേസിലെ പ്രതി സരിത എസ്.നായരുടെ കത്ത് പൊതുചർച്ചയാക്കുന്നത് രണ്ടു മാസത്തേക്ക് വിലക്കി ഹൈക്കോടതി. കത്തിലെ വിവരങ്ങള്‍ പൊതു ഇടങ്ങളില്‍ ചര്‍ച്ച ചെയ്യരുത്. മാധ്യമങ്ങല്‍ക്കും വിലക്ക് ബാധകമെന്നും കോടതി വ്യക്തമാക്കി. വ്യക്തി സ്വാതന്ത്യം ഹനിക്കുന്നുവെന്ന ഉമ്മന്‍ചാണ്ടിയുടെ പരാതിയിലാണ് ഉത്തരവ്.
സോളാർ ജുഡിഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ടും സർക്കാരിന്റെ തുടർനടപടിയും ചോദ്യം ചെയ്ത് മുൻ ഉമ്മൻചാണ്ടി സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. കേസിൽ ജനുവരി 15ന് വിശദമായി വാദം കേൾക്കും.
നേരത്തെ ഹർജി പരിഗണിച്ചപ്പോൾ മുഖ്യമന്ത്രിയെ ഹൈക്കോടതി വിമർശിച്ചിരുന്നു. സോളാർ ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെ വാർത്താക്കുറിപ്പിറക്കിയ മുഖ്യമന്ത്രിയുടെ നടപടി അനുചിതമായിപ്പോയെന്നും വിചാരണയ്ക്ക് മുമ്പ് നിഗമനങ്ങളിൽ എത്തുന്നത് എങ്ങനെയാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.
കമ്മിഷന്റെ കണ്ടെത്തലുകൾ നിഗമനങ്ങൾ മാത്രമാണ്. ഇതേക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്തതേണ്ടതുണ്ട്. പിന്നീട് ആവശ്യമെങ്കിൽ കേസെടുത്ത് വിചാരണ നടത്താം. ഇതിന് മുന്പ് ആരോപണവിധേയർ കുറ്റക്കാരാണെന്ന നിഗമനത്തിൽ എത്തുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ഹർജിക്കാരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. കേസിലെ പ്രതിയായ സരിതയുടെ ആരോപണങ്ങളെ കുറിച്ച് ഹർജിക്കാരന് പറയാനുള്ളത് എന്താണെന്ന് സർക്കാർ ആരാഞ്ഞിരുന്നോയെന്നും കോടതി ചോദിച്ചു.
അതേസമയം, സരിത കത്തിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾ ആരോപണങ്ങൾ മാത്രമാണെന്നും അതിനെ സാധൂകരിക്കുന്ന യാതൊരു തെളിവും ഇല്ലെന്നും ഉമ്മൻചാണ്ടിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു. ഈ വിഷയത്തിൽ സർക്കാരിന് നോട്ടീസ് അയയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സരിതയുടെ കത്ത് രാഷ്ട്രീയ, മാദ്ധ്യമ ചർച്ചയ്ക്ക് വിധേയമാക്കുന്നത് വിലക്കണമെന്നും സിബൽ ആവശ്യപ്പെട്ടു. തുടർന്നാണ് കത്ത് ചർച്ചയാക്കുന്നത് കോടതി വിലക്കതിയത്.
സോളാർ കമ്മിഷന്റെ വ്യാജക്കത്ത് അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ട് സ്വേച്ഛാപരമാണെന്നും കത്തിലെ ആരോപണങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള കമ്മിഷൻ റിപ്പോർട്ടിലെ പരാമർശങ്ങളും നീക്കണമെന്നും ഉമ്മൻചാണ്ടി ഹർജിയിൽ ആവശ്യപ്പെടുന്നു. കത്ത് റിപ്പോർട്ടിന്റെ ഭാഗമാക്കിയ കമ്മിഷൻ സർക്കാർ ഏൽപിച്ച പരിഗണനാ വിഷയങ്ങൾ മറികടന്നുവെന്നാണ് ഹർജിയിലെ മറ്റൊരു പ്രധാന ആക്ഷേപം.
പരിഗണനാ വിഷയങ്ങൾ വിപുലപ്പെടുത്തിയ കമ്മിഷൻ നടപടി നിയമപരമല്ല. കത്തിന്റെ അടിസ്ഥാനത്തിലുള്ള നിഗമനങ്ങൾ സ്വേച്ഛാപരവും മൗലികാവകാശ ലംഘനവുമാണ്. തന്റെ പൊതുജീവിതത്തിന് കളങ്കമുണ്ടാക്കുന്ന പരാമർശമുൾപ്പെട്ട കത്തും റിപ്പോർട്ടും സഭയിൽ വച്ചതോടെ പൊതുരേഖയുടെ ഭാഗമായി. തനിക്കെതിരായ ലൈംഗികാരോപണങ്ങൾ കമ്മീഷൻ മുമ്പാകെ സരിത നിഷേധിച്ചിരുന്നു. തന്നെ മോശക്കാരനായി ചിത്രീകരിക്കാൻ സി.പി.എം പത്ത് കോടി രൂപ വാഗ്ദാനം ചെയ്തതായി സരിത അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. പൊലീസ് കസ്റ്റഡിയിലായിരിക്കെ സരിത എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് മാദ്ധ്യമ പ്രവർത്തകൻ മുഖേനയാണ് കമ്മിഷൻ മുമ്പാകെയെത്തിയത്. ഇതേക്കുറിച്ച് വിശദീകരണത്തിന് ഹർജിക്കാരന് നോട്ടീസ് പോലും നൽകാതെ കമ്മിഷൻ അത് സ്വീകരിച്ച് രേഖകളിലുൾപ്പെടുത്തിയെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട് കിട്ടിയ ഉടൻ സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നതിന് മുമ്പേ സർക്കാർ തിടുക്കപ്പെട്ട് നടപടി തീരുമാനിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കി. വിമർശനം ഉയർന്നപ്പോൾ നടപടി ഉത്തരവ് സഹിതം റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാക്കാര്യങ്ങളും പരിശോധിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. തുടർനടപടിയെന്ന പേരിൽ അപകീർത്തികരമായ പ്രഖ്യാപനങ്ങൾ നടത്തിയ ശേഷം സുപ്രീംകോടതി ന്യായാധിപനായിരുന്ന ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ നിയമോപദേശം തേടാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു. 33 കേസുകളിൽ പ്രതിയായ സരിതയ്ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി മുൻ ഉത്തരവിൽ പറഞ്ഞിരുന്നു. കോടതിയെ രാഷ്ട്രീയക്കളിക്ക് വേദിയാക്കരുതെന്ന് പറഞ്ഞിരുന്നുവെന്നും ഉമ്മൻചാണ്ടി ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post