തിരുവനന്തപുരം: സിപിഐയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ക്ക് വിശദീകരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. കാനം രാജേന്ദ്രനെ കണ്ടുവെന്നത് സത്യമാണ്. അതൊരു സൗഹൃദ സംഭാഷണമായിരുന്നു. അതിനിടയില്‍ പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഇതില്‍ ജനുവരിയില്‍ തീരുമാനം അറിയിക്കാമെന്ന് ഭാഗ്യലക്ഷ്മി പറയുന്നു.
”തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥിയാവുക എന്നത് തന്റെ മോഹമല്ല, അങ്ങനെയൊരു ആഗ്രഹം ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. സമൂഹത്തില്‍ ഞാന്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പാര്‍ട്ടിയുടെ പിന്തുണ വേണമെന്ന് തോന്നി. ഇടതുപക്ഷ അനുഭാവിയാണെന്ന് ഞാന്‍ ഇതിനു മുന്‍പ് പല തവണ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് സംസാരിച്ചു. ഞാന്‍ മാത്രം തീരുമാനിക്കേണ്ട കാര്യമല്ലയിത്. എന്നെ വേണയോ വേണ്ടയോ എന്ന് പാര്‍ട്ടി തീരുമാനിക്കണം. ഔദ്യോഗികമായി അറിയിച്ചാല്‍ മാത്രമേ പാര്‍ട്ടിയില്‍ ചേര്‍ന്നോ ഇല്ലയോ എന്ന് പറയാനാകൂ” എന്നും ഭാഗ്യലക്ഷ്മി പ്രതികരിച്ചു.
ഭാഗ്യലക്ഷ്മി സിപിഐയില്‍ ചേരുന്നെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഭാഗ്യലക്ഷ്മിയും കാനം രാജേന്ദ്രനുമായി നടത്തിയ കൂടികാഴ്ചയുടെ അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്. ഡിസംബര്‍ 17ന് തന്റെ ഫേസ്ബുക്കിലൂടെ ഭാഗ്യലക്ഷ്മി ഇതു സംബന്ധിച്ച സൂചനകള്‍ നല്‍കിയിരുന്നു. ഇഎംഎസ് എഴുതിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പുസ്തകം വായിച്ചു തുടങ്ങിയതായായിരുന്നു ഭാഗ്യലക്ഷ്മിയുടെ പോസ്റ്റ്.
Discussion about this post