പത്തനംതിട്ട: കുറിഞ്ഞിമല സങ്കേതമടക്കമുള്ള വിഷയങ്ങളില്‍ പാര്‍ട്ടിയുടെയും വനം മന്ത്രിയുടെയും നിലപാട് രണ്ടുവഴിക്ക്. കുറിഞ്ഞിമല, മൂന്നാര്‍ വിഷയങ്ങളില്‍ പാര്‍ട്ടി തീരുമാനപ്രകാരം ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഫയല്‍ ചെയ്ത ഹര്‍ജിയെ തന്നെ ചോദ്യംചെയ്യുന്ന തരത്തിലേക്ക് വനം മന്ത്രി റിപ്പോര്‍ട്ട് നല്‍കിയതാണ് ഒടുവിലത്തെ സംഭവം. പരിസ്ഥിതി പ്രശ്‌നങ്ങളിലടക്കം വനം മന്ത്രി കെ. രാജു സ്വീകരിക്കുന്ന പല നിലപാടുകളോടും സി.പി.ഐയിലെ ഹരിത നേതാക്കള്‍ക്ക് എതിര്‍പ്പാണ്.
കഴിഞ്ഞ ഇടതുസര്‍ക്കാറില്‍ വനംപരിസ്ഥിതി വിഷയങ്ങളില്‍ അന്നത്തെ മന്ത്രി ബിനോയ് വിശ്വം സ്വീകരിച്ച നിലപാടുകള്‍ക്ക് വിരുദ്ധമാണ് ഇപ്പോഴത്തെ മന്ത്രിയുടെ നയമെന്നാണ് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം സംസ്ഥാനത്ത് വനവിസ്തൃതി വര്‍ധിപ്പിച്ചത് ബിനോയ് വിശ്വം മന്ത്രിയായിരിക്കെയാണ്. ഇപ്പോള്‍ ഏറെ വിവാദം ഉയര്‍ത്തിയ കുറിഞ്ഞിമല സങ്കേതത്തിന് പുറമെ, മൂന്നാറിലെ 17,066 ഏക്കര്‍ ഭൂമി കണ്ണന്‍ ദേവന്‍ റിസര്‍വ് പ്രഖ്യാപിച്ചതും മാങ്കുളത്തെ 9005 ഹെക്ടര്‍ സംരക്ഷിത വനമാക്കിയതും കഴിഞ്ഞ ഇടതു സര്‍ക്കാറാണ്. ചൂലന്നുര്‍ മയില്‍ സങ്കേതം, മലബാര്‍, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങള്‍, കടലുണ്ടി കമ്യൂണിറ്റി റിസര്‍വ് എന്നിവയും പ്രഖ്യാപിച്ചു.
വാഗമണ്ണില്‍ 1100 ഹെക്ടര്‍ ബയോറിസര്‍വായി പ്രഖ്യാപിച്ചുവെങ്കിലും എതിര്‍പ്പിനെ തുടര്‍ന്ന് മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. ആഗോള താപനം സംബന്ധിച്ച് ഇന്ത്യയില്‍ ആദ്യമായി സംസ്ഥാന സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയതും കേരളത്തിലാണ്. ഇപ്പോഴത്തെ സര്‍ക്കാറില്‍ കൈയേറ്റങ്ങള്‍ക്ക് എതിരെ ശക്തമായ നിലപാട് സി.പി.ഐ നേതൃത്വവും റവന്യൂ വകുപ്പും സ്വീകരിക്കുമേ്ബാള്‍, വനം മന്ത്രി മൃദുസമീപനം തുടരുന്നുവെന്നാണ് ഒരുവിഭാഗം പറയുന്നത്.
കുറിഞ്ഞിമല, മൂന്നാര്‍ കൈയേറ്റങ്ങള്‍ സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്വമേധയ എടുത്ത കേസില്‍ സി.പി.എം സംഘടനകള്‍ കക്ഷി ചേര്‍ന്നതിനെ തുടര്‍ന്നാണ് സി.പി.ഐ സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം സംസ്ഥാന നിര്‍വാഹകസമിതി അംഗം പി. പ്രസാദ് മറ്റൊരു ഹര്‍ജി നല്‍കിയത്. എന്നാല്‍, കുറിഞ്ഞിമല സങ്കേതവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പത്രത്തില്‍ വനം മന്ത്രി എഴുതിയ ലേഖനം കൈയേറ്റക്കാര്‍ക്ക് അനുകൂലമാണെന്നാണ് വാദം. ഇതിന് സമാനമായ റിപ്പോര്‍ട്ടാണ് ഈ വിഷയത്തില്‍ മന്ത്രി മുഖ്യമന്ത്രിക്കും നല്‍കിയത്.
Discussion about this post