മെല്‍ബണ്‍: ബോക്‌സിംഗ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയയ്ക്ക് മികച്ച തുടക്കം. ഒന്നാം ദിനം ഓസീസ് 244 റണ്‍സ് നേടി. മൂന്ന് വിക്കറ്റുകള്‍ ഓസീസിന് നഷ്ടമായി. 103 റണ്‍സ് നേടിയ വാര്‍ണറുടെ ഇന്നിംഗ്‌സാണ് ഓസീസിന് തുണയായത്. വാര്‍ണര്‍ക്ക് പിന്നാലെ 65 റണ്‍സോടെ ക്രീസിലുള്ള ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
വാര്‍ണര്‍ (103), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (26), ഉസ്മാന്‍ കവാജ (17) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്. ആദ്യം ദിനം കളിനിര്‍ത്തുമ്പോള്‍ 31 റണ്‍സോടെ ഷോണ്‍ മാര്‍ഷും ക്രീസിലുണ്ട്.
ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. വാര്‍ണര്‍ബാന്‍ക്രോഫ്റ്റ് സഖ്യം ആദ്യ വിക്കറ്റില്‍ 122 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വേഗത്തില്‍ സ്‌കോര്‍ ചെയ്ത വാര്‍ണര്‍ 13 ഫോറും ഒരു സിക്‌സും പറത്തിയാണ് 103 റണ്‍സ് സ്‌കോര്‍ ചെയ്തത്. ബാന്‍ക്രോഫ്റ്റിന് പിന്നാലെ വാര്‍ണര്‍, കവാജ എന്നിവരെ മടക്കി ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നെങ്കിലും മാര്‍ഷിനെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ സ്മിത്ത് ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി ആന്‍ഡേഴ്‌സണ്‍, വോക്‌സ്, ബ്രോഡ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
Discussion about this post