‘
ഡല്‍ഹി: മുത്തലാഖ് നിയമവിരുദ്ധവും മൂന്നു വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാക്കിയുള്ള മുത്തലാഖിന് എതിരെയുള്ള മുസ്‌ലിം സ്ത്രീകളുടെ വൈവാഹിക അവകാശ സംരക്ഷണ ബില്‍ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ എതിര്‍പ്പിനിടെ ആണ് ബില്‍ പാസാക്കിയത്. വിവാഹവും വിവാഹ മോചനവും സിവില്‍ വിഷയമാണെന്നും അതില്‍ ക്രിമിനല്‍ നടപടി ഉള്‍പ്പെടുത്തിയത് നിയമാനുസൃതമല്ലെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ബില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്നും ആവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവ പരിഗണിക്കപ്പെട്ടില്ല.
കോണ്‍ഗ്രസ് ബില്ലിനെ പിന്താങ്ങി. അണ്ണാ ഡിഎംകെ , ബിജു ജനതാദള്‍, സമാജ്‌വാദി പാര്‍ട്ടി, ആര്‍ജെഡി തുടങ്ങിയവ ബില്ലിനെ എതിര്‍ത്തു. ബില്‍ ശബ്ദവോട്ടോടെ പാസാക്കിയപ്പോള്‍ ഭേദഗതി നിര്‍ദേശങ്ങള്‍ വോട്ടിനിട്ടു തള്ളി. അടിയന്തര നീക്കമെന്ന നിലയില്‍ എതിര്‍പ്പുകള്‍ അവഗണിച്ച് ഇന്നലെ രാവിലെ അവതരിപ്പിച്ച ബില്‍, ഉച്ചയോടെ ചര്‍ച്ചയ്‌ക്കെടുത്തു രാത്രി 7.35നു പാസാക്കുകയായിരുന്നു. അതേസമയം, ബില്ലില്‍ അപകടകരമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച മുസ്‌ലിം ലീഗ് അംഗങ്ങള്‍ വോട്ടെടുപ്പില്‍നിന്ന് ഇറങ്ങിപ്പോയി. ബില്‍ ചൊവ്വാഴ്ച രാജ്യസഭയുടെ പരിഗണനയ്‌ക്കെത്തും. രാജ്യസഭയില്‍ കൂടി പാസാക്കാനായാലേ ബില്‍ നിയമമാകൂ. രാജ്യസഭയില്‍ സര്‍ക്കാരിനു ഭൂരിപക്ഷം ഇല്ലെങ്കിലും കോണ്‍ഗ്രസ് ബില്ലിനെ അനുകൂലിക്കുന്നതിനാല്‍ ബില്‍ അവിടെ പാസാക്കാനാകുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
ബില്ലിലെ വ്യവസ്ഥകള്‍
* വാക്കാലോ രേഖാമൂലമോ ഇലക്‌ട്രോണിക് സംവിധാനം മുഖേനെയോ തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് നിയമവിരുദ്ധം
* അത്തരത്തില്‍ തലാഖ് ചൊല്ലിയതായി കണ്ടെ ത്തിയാല്‍ മൂന്നു വര്‍ഷം വരെ തടവും പിഴയും
* മുത്തലാഖിനു വിധേയരായ മുസ്‌ലിം സ്ത്രീയുടെയും കുട്ടികളുടെയും സംരക്ഷണത്തിനുമായി കുറ്റം ചെയ്യുന്ന ഭര്‍ത്താവ് ജീവനാംശം നല്‍കണം. ജീവനാംശം ബന്ധപ്പെട്ട സ്ഥലത്തെ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് നിശ്ചയിക്കണം.
* മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നവര്‍ക്കെതിരേയുള്ള കുറ്റം 1973ലെ ക്രിമിനല്‍ നടപടിച്ചട്ടം പ്രകാരം ജാമ്യമില്ല വകുപ്പുകള്‍ പ്രകാരമായിരിക്കും കൈകാര്യം ചെയ്യുക.
* മുത്തലാഖ് ചെയ്യുന്ന സമയത്തു സ്ത്രീക്കൊപ്പമുള്ള കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെങ്കില്‍ അവരുടെ സംരക്ഷണം അടക്കമുള്ള സാഹചര്യങ്ങളും മജിസ്‌ട്രേറ്റിന്റെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കും.
മുത്തലാഖ് വിരുദ്ധ ബില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
രവിശങ്കര്‍ പ്രസാദ് പറഞ്ഞത്
-പോയിന്റുകള്‍-
- ബില്‍ സ്ത്രീകളുടെ അന്തസിനും നീതിക്കും വേണ്ടിയാണ്.
അത് ഏതെങ്കിലും തരത്തിലുള്ള ആചാരങ്ങള്‍ക്കോ വിശ്വാസത്തിനോ എതിരല്ല, ഇത് ചരിത്രദിനമാണ് - മുത്തലാഖിന് ഇരയാകുന്ന സ്ത്രീകള്‍ക്കും നീതി ലഭിക്കണം. ബില്ലിലൂടെ സ്ത്രീ സമത്വമാണ് നടപ്പാക്കുന്നത്.
- മുസ്‌ലിം രാഷ്ട്രങ്ങളില്‍ പോലും മുത്തലാഖ് നിയമം മൂലം നിരോധിച്ചിട്ടുണ്ട്. പിന്നീട് എന്തുകൊണ്ട് മതേതരരാജ്യമായ നമ്മുക്കിത് നടപ്പാക്കി കൂടാ ?
- കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിം വ്യക്തിനിയമമായ ശരീഅത്തില്‍ ഇടപെടുന്നില്ല
- വിശ്വാസപ്രമാണ പ്രകാരം മോശമായ ഒരു കാര്യമാണ് മുത്തലാഖ്. അത് നിയമത്തിന്റെ മുന്നിലും മോശം തന്നെയാണ്. സുപ്രീംകോടതി വിധിയിലും അതു തന്നെയാണ് വ്യക്തമാക്കുന്നത്.
- നമ്മള്‍ മുസ്ലിം സ്ത്രീകളുടെ വേദന മനസിലാക്കണം. 100 ഓളം മുത്തലാഖ് കേസുകളാണ് സുപ്രീംകോടതിയുടെ വിധി കാത്തിരിക്കുന്നത്.
- ഇന്ത്യക്ക് സവാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം പിന്നിടുമ്പോഴും ഭരണഘടനാപരമായ ദേശീയതയെകുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഇതേ ഭരണഘടന സ്ത്രീകള്‍ക്കും അവകാശങ്ങള്‍ നല്‍കുന്നുണ്ട്.
- മുത്തലാഖ് ചൊല്ലി ഭാര്യയെ ഒഴിവാക്കിയയാള്‍ ജയിലില്‍ പോകേണ്ടി വരും. ഇത് ലിംഗസമത്വത്തിന്റെ ഭാഗം കൂടിയാണ്.
- രാജ്യത്തെ ഏറ്റവും വലിയ പഞ്ചായത്താണ് ലോക്‌സഭ. പാര്‍ട്ടി, വോട്ട് ബാങ്ക് രാഷ്ട്രീയം എന്നിവയെ മാറ്റി നിര്‍ത്തി എല്ലാ നേതാക്കളും ഏകകണ്‌ഠേന മുത്തലാഖ് ബില്ലിനെ പിന്തുണക്കുകയാണ് വേണ്ടത്.
മുത്തലാഖ് ഭരണഘടനാ വിരുദ്ധമായി വിധിച്ച സുപ്രീംകോടതി ഇതിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് മുസ്!ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്ലിന് കേന്ദ്രം രൂപം നല്‍കിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ മന്ത്രിതല സമിതി തയ്യാറാക്കിയ ബില്ലാണ് ലോക് സഭയിലെത്തിയിരിക്കുന്നത്. മുത്തലാഖ് നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവുശിക്ഷ. ഇരകള്‍ക്ക് ജീവനാംശവും പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഒപ്പം കൂട്ടാനുള്ള അവകാശവും ഉറപ്പ് നല്‍കുന്നതാണ് ബില്ല്.
Discussion about this post