ലഖ്‌നൗ: മുത്തലാഖ് നിയമം ലംഘിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെയെങ്കിലും ശിക്ഷ നല്‍കണമെന്ന് ഷിയ വഖഫ് ബോര്‍ഡ്. മുത്തലാഖ് നിരോധ ബില്ലിനെ സ്വാഗതം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഉത്തര്‍പ്രദേശ് ഷിയ ബോര്‍ഡ് ചെയര്‍മാന്‍ വസിം റിസ്വി നിലപാട് വ്യക്തമാക്കിയത്.
‘ഇത് തികച്ചും സ്വാഗതാര്‍ഹമായ തീരുമാനമാണ്, പക്ഷെ മുത്തലാഖ് ചൊല്ലുന്നയാളുടെ ശിക്ഷാ കാലയളവ് പത്ത് വര്‍ഷമായെങ്കിലും ഉയര്‍ത്തണം. മുത്തലാഖില്‍ ഇരകളാക്കപ്പെടുന്ന സ്ത്രീകള്‍ ജീവിതകാലം മുഴുവന്‍ അതിന്റെ ഫലം അനുഭവിക്കുകയാണ്. അവള്‍ക്ക് നീതി ഉറപ്പാകണം. നിയമം ലംഘിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കേണ്ടതാണ്,’ വാര്‍ത്ത സമ്മേളനത്തില്‍ റിസ്വി പറഞ്ഞു.
മുത്തലാഖ് നിരോധനത്തെ എതിര്‍ത്തുകൊണ്ടുള്ള മുസ്ലിം വ്യക്തി നിയമ ബോര്‍ഡിന്റെ തീരുമാനത്തെയും അദ്ദേഹം വിമര്‍ശിച്ചു. ബോര്‍ഡിന് രണ്ട് നിലപാടുകള്‍ പാടില്ലെന്നും, പുരുഷനും സ്ത്രീക്കും തുല്യനീതി നടപ്പാക്കാന്‍ ബോര്‍ഡ് നടപടി കൈക്കൊള്ളണമെന്നും കൂട്ടിച്ചേര്‍ത്തു.
നേരത്തെ മുത്തലാഖ് നിരോധന ബില്ല് പിന്‍വലിക്കണമെന്ന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബില്ല് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരാണെന്നും നിരവധി കുടുംബങ്ങളെ ഇത് ബാധിക്കുമെന്നുമായിരുന്നു ബോര്‍ഡിന്റെ പക്ഷം. വ്യാഴാഴ്ച്ചയാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ബില്‍ ലോകസഭ പാസാക്കിയത്. ഇതോടെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹം ചെയ്യുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിക്കും. ശബ്ദ വോട്ടോടുകൂടെയാണ് മുസ്ലിം വനിതാ വിവാഹ അവകാശ ബില്‍ ലോകസഭ പാസാക്കിയത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ സഭയില്‍ അവതരിപ്പിച്ചത്.
ബില്ലില്‍ കോണ്‍ഗ്രസ് ചില ഭേദഗതികള്‍ നിര്‍ദ്ദേശിച്ചെങ്കിലും അവ തള്ളിക്കൊണ്ടാണ് കേന്ദ്രം ബില്‍ പാസാക്കിയത്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം തടവ് ശിക്ഷ നല്‍കുന്നതിലും ജീവനാംശം സംബന്ധിച്ചുമാണ് കോണ്‍ഗ്രസ് എതിര്‍പ്പ് ഉയര്‍ത്തിയത്.
അതേസമയം മതിയായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബില്‍ അവതരിപ്പിച്ചിരിക്കുന്നതെന്ന് നിയമന്ത്രി വ്യക്തമാക്കി.
ഓഗസ്റ്റ് 22 നാണ് സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഒറ്റയടിക്ക് മൂന്ന് തലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്ന മുത്തലാഖ് താത്കാലികമായി റദ്ദാക്കിയത്. ആറ് മാസത്തിനകം മുത്തലാഖ് നിരോധിക്കുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവന്നത്.
Discussion about this post