ഷിംല: പോലീസുകാരിയെ പരസ്യമായി മര്‍ദിച്ച ഹിമാചല്‍പ്രദേശ് മുന്‍മന്ത്രിയും മുതിര്‍ന്ന എം.എല്‍.എ.യുമായ ആശാകുമാരിയുടെ പേരില്‍ പോലീസ് കേസെടുത്തു. പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, മനഃപൂര്‍വം പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസുകാരിയുടെ പരാതിപ്രകാരം കേസെടുത്തത്. ഇതിനിടെ എം.എല്‍.എ. പോലീസുകാരിയെ തല്ലുന്നതിന്റെയും അവര്‍ തിരിച്ചടിക്കുന്നതിന്റെയും വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ വൈറലാവുകയും അതില്‍ പോലീസുകാരിക്ക് വന്‍ പിന്തുണ ലഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നിയമസഭാംഗം മാപ്പുപറഞ്ഞെങ്കിലും തിരിച്ചടിച്ച പോലീസുകാരി പറഞ്ഞത് താന്‍ തിരിച്ചടിച്ചിട്ടുണ്ടെങ്കില് അത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായിട്ടാണെന്നായിരുന്നു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യോഗത്തിലേക്ക് പ്രവേശിക്കുന്നത് തടഞ്ഞപ്പോള്‍ വെള്ളിയാഴ്ച രാവിലെയാണ് വനിതാ എം.എല്‍.എ.യും പോലീസുകാരിയും തമ്മില്‍ അടിയുണ്ടായത്. ”തന്നെ മൂന്നുതവണ തുടര്‍ച്ചയായി മുഖത്തടിച്ചപ്പോള്‍ പ്രതിരോധിക്കാന്‍ കൈ ഉയര്‍ത്തി എന്നത് ശരിയാണ്. എന്നാല്‍, തിരിച്ചടിച്ചോ എന്നതില്‍ സംശയമുണ്ട്. അതേക്കുറിച്ച് സമഗ്രമായി അന്വേഷണം നടക്കട്ടെ. അഥവാ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സ്വയം പ്രതിരോധിക്കുന്നതിനിടെ സംഭവിച്ചതാകാം. സംഭവത്തില്‍ പോലീസില്‍ പരാതിനല്‍കിയിട്ടുമുണ്ട്.”വനിതാ കോണ്‍സ്റ്റബിള്‍ രജ്വന്തി പറഞ്ഞു.
ഹിമാചല്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ മരുമകളും ദല്ഹൗസി എം.എല്‍.എ.യുമാണ് ആശാകുമാരി. രജ്വന്തി എന്ന വനിതാ കോണ്‍സ്റ്റബിളിനാണ് അടിയേറ്റത്.
പൊതുജനമധ്യേ തന്നെ തടയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് പോലീസുകാരിയെ മര്‍ദിച്ചതെന്നായിരുന്നു എം.എല്‍.എ. നല്കിയ വിശദീകരണം. സംഭവം ശ്രദ്ധയില്‍പ്പെട്ട രാഹുല്‍ ഗാന്ധി എം.എല്‍.എ.യെ താക്കീതുചെയ്തു. തുടര്‍ന്ന് അവര്‍ സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി.
Discussion about this post