തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കടലെടുത്ത ജീവനുകള്‍ക്കു സര്‍ക്കാര്‍ അനുവദിച്ച 20 ലക്ഷം രൂപ അഞ്ചു വര്‍ഷത്തേക്കു സര്‍ക്കാരിന്റെ കൈയില്‍ തന്നെയെന്ന് റിപ്പോര്‍ട്ട്. ഉറ്റവരെ നഷ്ടപ്പെട്ടവര്‍ക്കു കിട്ടുന്നത് ട്രഷറിയിലെ സ്ഥിരനിക്ഷേപത്തിന്റെ പാസ്ബുക്കും പ്രതിമാസ പലിശയും മാത്രമാണ്. ഒപ്പം സ്ഥിരനിക്ഷേപത്തിന്റെ കാലാവധി തികയുമ്പോള്‍ ഈ പണം കുടുംബാംഗങ്ങള്‍ക്കു കൈമാറേണ്ട ബാധ്യത അടുത്ത സര്‍ക്കാരിനാണെന്നും മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദുരന്തബാധിതര്‍ക്കു ധനസഹായം നല്‍കിയെന്നു രേഖകളുണ്ടാക്കുകയും പണം സര്‍ക്കാരില്‍ നിലനിര്‍ത്തുകയുമാണു ചെയ്യുന്നത്. അതേസമയം ഓരോ മാസവും നല്‍കേണ്ട പലിശ മാത്രമാകും ഈ സര്‍ക്കാരിന്റെ ബാധ്യത. 20 ലക്ഷം വീതമുള്ള നഷ്ടപരിഹാരത്തുക 2022 ഡിസംബറില്‍ അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ കണ്ടെത്തണം. ഓഖി ദുരന്തത്തില്‍ 74 മത്സ്യത്തൊഴിലാളികളുടെ മരണമാണു സ്ഥിരീകരിച്ചത്. ഇതനുസരിച്ച് ഈയിനത്തില്‍ 14.80 കോടി രൂപ ട്രഷറിയിലെത്തും. കാണാതായവരുടെ കുടുംബങ്ങള്‍ക്കു നിശ്ചയിക്കുന്ന ധനസഹായവും ഇതേപോലെ ട്രഷറിയിലെ നിക്ഷേപമാകും. ദുരിതബാധിതരായ കുടുംബാംഗങ്ങള്‍ക്കു തുണയാകേണ്ട പണമാണ് സര്‍ക്കാരിന്റെ സാമ്പത്തികഭദ്രത ഉറപ്പാക്കാനായി കുറുക്കുവഴിയിലൂടെ ട്രഷറിയിലെത്തിക്കുന്നത്.
മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പേരില്‍ ട്രഷറി അക്കൗണ്ട് തുറന്ന് പണം നിക്ഷേപിക്കുകയാണു ചെയ്യുന്നത്. ധനസഹായവിതരണം തുടങ്ങിയെന്ന് സര്‍ക്കാര്‍ 26നു പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ആര്‍ക്കും പാസ്ബുക്ക് ലഭിച്ചിട്ടില്ല. ഏതൊക്കെ കുടുംബങ്ങളില്‍, ആരുടെയൊക്കെ പേരില്‍ അക്കൗണ്ട് തുറന്നെന്ന വിവരം പോലുമില്ല. താലൂക്ക് ആഫീസ് മുഖേന പേരുവിവരങ്ങള്‍ ശേഖരിച്ചതല്ലാതെ പണം അക്കൗണ്ടിലെത്തിയതിന് ഒരു രേഖയും ലഭിച്ചിട്ടില്ലെന്ന് തീരദേശവാസികള്‍ പറയുന്നു.
ട്രഷറി നിക്ഷേപത്തിന് ഒമ്പതു ശതമാനമാണു പലിശ. ഇതനുസരിച്ച് 20 ലക്ഷം രൂപ നിക്ഷേപത്തിന് ഓരോ മാസവും ഏകദേശം 15,000 രൂപ പലിശയായി ലഭിക്കും. 74 കുടുംബങ്ങള്‍ക്കു പലിശയിനത്തില്‍ നല്‍കേണ്ട 11.10 ലക്ഷം രൂപ മാത്രമേ ഓരോ മാസവും സര്‍ക്കാരിനു കണ്ടെത്തേണ്ടിവരൂ. അഞ്ചുവര്‍ഷം കൊണ്ട് ആകെ പലിശ 6.66 കോടി രൂപ. ദുരിതാശ്വാസ ധനസഹായ നിക്ഷേപപദ്ധതിയില്‍ ലാഭം സര്‍ക്കാരിനു തന്നെ. അതോടൊപ്പം മരിച്ചുപോയ ഗൃഹനാഥന്‍ മത്സ്യബന്ധനോപകരണങ്ങള്‍ വാങ്ങാനായി വായ്പയെടുത്ത വന്‍തുക ആലംബമില്ലാതായ കുടുംബാംഗങ്ങള്‍ക്കു പേടിസ്വപ്നമായി നിലനില്‍ക്കുകയും ചെയ്യും.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നു മുഖ്യമന്ത്രി തുറന്നുപറഞ്ഞിരുന്നു. വന്‍തുകകള്‍ പിന്‍വലിക്കുന്നതിനുള്ള നിയന്ത്രണം ജനുവരി പത്തു വരെ നീട്ടി. ക്ഷേമനിധി ബോര്‍ഡുകളും കോര്‍പ്പറേഷനുകളും മറ്റും ബാങ്കുകളില്‍ സൂക്ഷിച്ചിരിക്കുന്ന പണം ട്രഷറിയിലേക്കു മാറ്റി ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാനായി ഉപയോഗിക്കുകയാണ്. എന്നിട്ടും തീരാത്ത ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് എല്ലാം നഷ്ടപ്പെട്ടവര്‍ക്കായി പ്രഖ്യാപിച്ച സഹായധനത്തിലും പിണറായി സര്‍ക്കാര്‍ കൈയിട്ടുവാരുന്നത്.
Discussion about this post