കോട്ടയം: ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയവാദങ്ങള്‍ തഴച്ചുവളരുന്നത് തടയാന്‍ ഇടതുപക്ഷം ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്ന് സി.പി.എം. പോളിറ്റ്ബ്യൂറോ അംഗം എം.എ.ബേബി. ഇസ്ലാമിക തീവ്രവാദം എതിര്‍ക്കപ്പെടണം. ഇത്തരം ആശയപ്രചാരണം വര്‍ധിക്കുന്നതിനെതിരേ നിലപാടെടുക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായോയെന്നത് ഇടതുപക്ഷത്തുള്ളവര്‍ സ്വയംവിമര്‍ശനപരമായി ചിന്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബേബി.
സമ്മേളനങ്ങളുടെ അനുബന്ധ ചടങ്ങായി മാത്രം സാംസ്‌കാരിക ഇടപെടലുകള്‍ ഒതുങ്ങാതിരിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കണം. പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി ക്ലാസിക്കല്‍ കലാരൂപങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ രൂപപ്പെടുന്ന വിമര്‍ശങ്ങളില്‍ കഴമ്പില്ല. ഇത്തരം കലകള്‍ വരേണ്യവര്‍ഗത്തിനുമാത്രം വിട്ടുകൊടുക്കാനുള്ളതല്ല. എല്ലാ വിഭാഗത്തിനും ആസ്വദിക്കാനുള്ള അവസരമുണ്ടാകണം.
ജനങ്ങളുടെ വിമര്‍ശങ്ങള്‍ ഉള്‍ക്കൊണ്ട് തെറ്റുകള്‍ തിരുത്തി പുനഃക്രമീകരിക്കാന്‍ ഇടതുസര്‍ക്കാര്‍ തയ്യാറാകണമെന്നും എം.എ.ബേബി പറഞ്ഞു.
Discussion about this post