കൊച്ചി: കെഎസ്ആര്‍ടിസിയുടെ ബാധ്യതകള്‍ ഏറ്റെടുക്കാനാവില്ലെന്ന സര്‍ക്കാര്‍ വാദത്തില്‍ വിശദീകരണവുമായി ധനമന്ത്രി തോമസ് ഐസക്. കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നും കെഎസ്ആര്‍ടിസിയെ പുനരുദ്ധരിക്കാന്‍ പാക്കേജ് ആവശ്യമാണെന്നു ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും ധനമന്ത്രി പറഞ്ഞു. കമ്പനിയെ പുനരുദ്ധരിച്ച് സ്വന്തം കാലില്‍ നില്‍ക്കാനുള്ള സ്ഥിതിയുണ്ടാക്കുമെന്നാണ് കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലുള്ളത്. കെഎസ്ആര്‍ടിസിയെ ഇനിയും സഹായിക്കാനാകില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പെന്ഷന് നല്‍കാനായി സര്‍ക്കാര്‍ 660 കോടിയും നല്‍കിയിട്ടുണ്ട്. 70 കോടി രൂപ വ്യാഴാഴ്ച തന്നെ നല്‍കിയിട്ടുണ്ട്. ഈ വര്‍ഷം ആയിരം കോടി രൂപയുടെ ബാധ്യതയുണ്ടാകും. ഇത് സര്‍ക്കാര്‍ തന്നെ പണമായി നല്‍കും. 1500 കോടി രൂപയാണ് ധനസഹായമായി ഈ വര്‍ഷം നല്‍കിയിട്ടുള്ളത്. പെന്ഷന് ശമ്പള ബാധ്യത സര്‍ക്കാരിന് ഏറ്റെടുക്കാനാകില്ല. അങ്ങിനെ ഇത് മുന്നോട്ട് കൊണ്ടുപോകാനുമാകില്ല. പെന്ഷന് ബാധ്യത ഏറ്റെടുത്താലും ഈ പ്രശ്നം തീരില്ല.
സമഗ്രമായ പാക്കേജിന് രൂപം നല്‍കിയിട്ടുണ്ട്. ഇത് നടപ്പാക്കുന്നതോടെ പ്രശ്നം പരിഹരിക്കാന്‍ കഴിയും. അടുത്ത വര്‍ഷം 1000 കോടിയുടെ അന്തരമുണ്ടാകും വരവും ചിലവും തമ്മില്‍. അതിനടുത്ത വര്‍ഷവും 1000 കോടി നല്‍കേണ്ടി വരും. രണ്ട് വര്‍ഷം കഴിഞ്ഞാല്‍ പ്രശ്നത്തിന് പരിഹരിക്കാന്‍ കഴിയും. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ അതിനുള്ളില്‍ ഫലപ്രാപ്തിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആര്‍ടിസിയെ സഹായിക്കില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞിട്ടില്ല. പുനരുദ്ധാരണ പാക്കേജില്ലാതെ കഐസ്ആര്ടിസിക്കു നിലവില്‍ തുടര്ന്നുപോകല് എളുപ്പമല്ല. സ്വന്തം കാലില്‍ നില്ക്കാന് കെഎസ്ആര്‍ടിസിയെ പ്രാപ്തരാക്കുകയാണ് പ്രതിസന്ധിക്കു പോംവഴി.
ഇതിനു സര്‍ക്കാര്‍ സഹായം നല്‍കും. അടുത്ത രണ്ടു വര്‍ഷം 1000 കോടി രൂപ പണമായി സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്കു നല്‍കും തോമസ് ഐസക് പറയുന്നു. ശന്പളം, ഡീസല്‍ എന്നിവയുടെ ചെലവ് കൂടിയതുകൊണ്ടാണ് പെന്ഷന് കുടിശിഖ വന്നതെന്നും തോമസ് ഐസക് വിശദീകരിക്കുന്നു.
നിരവധി തവണ കെഎസ്ആര്‍ടിസിയുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിച്ചുവെന്നും കഴിവിന്റെ പരമാവധി സഹായിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പെന്ഷന് വിതരണത്തില്‍ സര്‍ക്കാരിനു നേരിട്ടു ബാധ്യതയില്ലെങ്കില്പോലും കോര്‍പറേഷനു പരമാവധി പിന്തുണ നല്‍കിയെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്നും ഗതാഗത വകുപ്പ് അഡീഷണല്‍ സെക്രട്ടറി എസ്. മാലതി നല്കിയ മറുപടി സത്യവാങ്മൂലത്തില്‍ പറയുന്നു.
പെന്ഷന് നല്കാന് നിയമപരമായ ബാധ്യത ഇല്ലാതിരുന്നിട്ടും 1984 മുതല്‍ കെഎസ്ആര്‍ടിസി പെന്ഷന് നല്കുന്നു. ദൈനംദിന ചെലവുകള്‍ക്കു പുറമേ പെന്ഷന് നല്‍കാനുള്ള തുക കണ്ടെത്താന്‍ കോര്‍പറേഷനു കഴിയുന്നില്ലെന്നും സത്യവാങ്മൂലത്തിലുണ്ട്.
സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണു പെന്ഷന് നല്‍കുന്നതെന്നും ഇതിന്റെ ബാധ്യതയില്‍നിന്നു സര്‍ക്കാരിന് ഒഴിഞ്ഞുമാറാനാവില്ലെന്നും കെഎസ്ആര്‍ടിസിയും ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. കെഎസ്ആര്‍ടിസിയിലെ പെന്ഷന് വിതരണം മുടങ്ങിയതിനെതിരേ ട്രാന്‍സ്പോര്‍ട്ട് റിട്ടയേര്‍ഡ് ഓഫീസേഴ്സ് അസോസിയേഷന് നല്കിയ ഹര്‍ജിയിലാണു സര്‍ക്കാരും കെഎസ്ആര്‍ടിസിയും തമ്മില്‍ പരസ്പരം പഴിചാരി സത്യവാങ്മൂലം നല്‍കിയത്.
Discussion about this post