പമ്പ: ശബരിമലസന്നിധാനത്ത് സിപിഎം പതാക ഉയര്‍ത്തിയവര്‍ക്കെതിരെ പോലീസില്‍ പരാതി. പത്തനംതിട്ട ആറന്മുള നാല്ക്കാലിക്കല് കാവുംകോട്ട് പി.സുരേഷ് കുമാര്‍ ആണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. പമ്പ പോലീസ് സ്റ്റേഷനില്‍ ആണ് പരാതി നല്‍കിയത്. 1988-ലെ മതകാര്യ സ്ഥാപന ദുരുപയോഗം തടയല്‍ നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം. സംഭവത്തിന്റെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളും സുരേഷ് കുമാര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
കേരളത്തിലങ്ങോളമിങ്ങോളം ഹിന്ദു ആരാധാനാലയങ്ങളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ഉപസംഘടനകളുടെയും പതാക ഉയര്‍ത്തി പ്രശ്നങ്ങളുണ്ടാക്കുവാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗൂഡാലോചനയുടെ ശ്രമമായിട്ടാണ് ഇത്തരം പ്രവര്‍ത്തനങ്ങളെന്ന് പരാതിക്കാരന് പരാതിയില്‍ ആരോപിക്കുന്നു.
ഇവരുടെ പ്രവര്‍ത്തനം നിയമത്തിന്റെ നഗ്നമായ ലംഘനവും ശിക്ഷാര്‍ഹവുമായ കുറ്റമാണ്. അതറിഞ്ഞു കൊണ്ട് തന്നെയാണ് ആളുകള്‍ സംഘം ചേര്‍ന്ന് ഇത്തരം പ്രവര്‍ത്തി ചെയ്തത്. ക്ഷേത്ര പരിസരത്ത് രാഷ്ട്രീയ പാര്‍ട്ടിയുടെ പതാക ഉയര്‍ത്തുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്താല്‍ സംഭവം പോലീസില്‍ അറിയിക്കല്‍ ക്ഷേത്ര അധികൃതര്‍ ബാധ്യസ്ഥരാണ്. എന്നാല്‍ ഈ സംഭവം മറച്ചുവച്ചത്തിലൂടെ അധികാരികളും നിയമലംഘനം നടത്തിയിട്ടുള്ളതാണ്. അതിനാല്‍ മതകാര്യ സ്ഥാപന ദുരുപയോഗം തടയല്‍ നിയമപ്രകാരം കുറ്റവാളികളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെയും സംഭവം മറച്ചുവച്ച ക്ഷേത്ര അധികാരികള്‍ക്കെതിരെയും നിയമപരമായ നടപടി സ്വീകരിക്കണം എന്നാണ് പരാതിയിലെ ആവശ്യം.
Discussion about this post