തൃശൂര്‍: ജയിലിലാണെങ്കിലും പ്രതിമാസം ടി പി ചന്ദ്രശേഖരന് വധക്കേസ് പ്രതി എം.സി. അനൂപ് സെന്‍ട്രല്‍ ജയിലില്‍ കിടന്നുകൊണ്ട് സമ്പാദിക്കുന്നത് 50,000 രൂപ. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതി ജയിലിനുള്ളില്‍ ബീഡിയും കഞ്ചാവും എത്തിക്കാന്‍ സഹായിക്കാത്ത സഹതടവുകാരെ മര്‍ദിക്കുകയാണെന്ന പരാതിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഭവം അന്വേഷിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ഉത്തരവിട്ടിരിക്കുന്നതായിട്ടാണ് വിവരം.
നിരോധന ഉല്‍പ്പന്നങ്ങളായ ബീഡിയും കഞ്ചാവും അനൂപ് വില്‍പ്പന നടത്താറുണ്ടെന്നും പുറത്ത് 350 രൂപയുള്ള ഒരു ബണ്ടില്‍ ബീഡിക്ക് ജയിലില്‍ 4000 രൂപ പ്രകാരം പ്രതിമാസം 50,000 രൂപ അനൂപിന് ലഭിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. അനൂപിന്റെ മുറി പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാമെന്നും പരാതിയിലുണ്ട്. ജയിലില്‍ പുറംപണിക്ക് പോകുന്നവരോട് ബീഡിയും കഞ്ചാവും മദ്യവും ജയിലിലെത്തിക്കണമെന്ന് ആവശ്യപ്പെടാറുണ്ടെന്നും ഇത് സമ്മതിക്കാത്തവരെ ക്രൂരമായി മര്‍ദിക്കുമെന്നും പരാതിയില്‍ പറയുന്നു.
രണ്ടാഴ്ച മുമ്പ് റഹീം എന്ന തടവുകാരനെ പുറത്തുനിന്നും ജയില്‍ മതിലിനുള്ളിലേക്ക് എറിഞ്ഞ കഞ്ചാവും ബീഡിയും എടുത്തു കൊടുക്കാത്തതിനു മര്‍ദിച്ചിരുന്നു. ഹൃദ്രോഗിയായ റഹീം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ഷാജി മാത്യു എന്ന തടവുകാരനെയും മര്‍ദിച്ചതായി പരാതിയുണ്ട്. ജയിലിലെ പരാതിപ്പെട്ടിയില്‍ പേരുവയ്ക്കാതെ ലഭിച്ച പരാതി തൃശൂര്‍ സെഷന്‍സ് ജഡ്ജി മനുഷ്യാവകാശ കമ്മിഷനിലേക്ക് അയയ്ക്കുകയായിരുന്നു.
രാഷ്ട്രീയ സ്വാധീനത്താല്‍ അനൂപ് ജയിലിലെ മേസ്തിരി സ്ഥാനം അനര്‍ഹമായി നേടിയെടുത്തെന്നും ആരോപണമുണ്ട്. ജയില്‍ ഡി.ജി.പി. മൂന്നാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ആവശ്യപ്പെട്ടു.
Discussion about this post