ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ., ഒമാന്‍ പര്യടനം ഫെബ്രുവരി പത്തിന് ആരംഭിക്കും. അബുദാബിയില്‍ നടക്കുന്ന സര്‍ക്കാര്‍ ഉച്ചകോടിയില്‍ സംബന്ധിക്കാനാണ് പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം. പത്തിനാണ് സമ്മേളനം. അന്ന് മുഴുവന്‍ സമയവും അബുദാബിയില്‍ ഗവണ്മെന്റ് സമ്മേളനത്തിലും രാഷ്ട്രനേതാക്കളുമായുള്ള ചര്‍ച്ചയിലും അദ്ദേഹം സംബന്ധിക്കും. പിറ്റേന്ന് കാലത്ത് അബുദാബി-ദുബായ് അതിര്‍ത്തിയില്‍ ഗന്തൂതില് യു.എ.ഇ. ഗവണ്മെന്റ് അനുവദിച്ച സ്ഥലത്ത് പുതുതായി പണിയുന്ന ക്ഷേത്രത്തിന് മോദി തറക്കല്ലിടും. തുടര്‍ന്ന് ദുബായ് ഒപേര ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ അദ്ദേഹം ക്ഷണിക്കപ്പെട്ട സദസ്സിനെ അഭിസംബോധന ചെയ്യും.
തുടര്‍ന്ന് വൈകീട്ട് അദ്ദേഹം ഒമാന്‍ തലസ്ഥാനമായ മസ്കറ്റിലേക്ക് യാത്രതിരിക്കും. അവിടെ 12ന് ഭരണാധികാരികളുമായുള്ള ചര്‍ച്ചയാണ് പ്രധാനം. മസ്കറ്റില്‍ പ്രധാനമന്ത്രിക്ക് പൊതുപരിപാടിയും ആലോചിക്കുന്നുണ്ട്. 25,000 പേരെ പങ്കെടുപ്പിക്കുന്ന സമ്മേളനം നടത്താനാണ് ഉദ്ദേശിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അന്തിമരൂപമായിട്ടില്ല. സുരക്ഷാ ക്രമീകരണവും ഗവണ്മെന്റിന്റെ അനുമതിയും അനുസരിച്ചായിരിക്കും ഈ സമ്മേളനം. അതല്ലെങ്കില്‍ ക്ഷണിക്കപ്പെട്ട സദസ്സുമായി പ്രധാനമന്ത്രി സംവദിക്കും.
നരേന്ദ്രമോദി 2015 ഓഗസ്റ്റ് 16ന് ആദ്യമായി യു.എ.ഇ.യില്‍ എത്തിയത് ചരിത്രസംഭവമായിരുന്നു. അബുദാബി കിരീടാവകാശിയും യു.എ.ഇ. ഉപ സര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണമനുസരിച്ച് എത്തിയ മോദി 17ന് ദുബായില്‍ ആയിരക്കണക്കിന് ഇന്ത്യക്കാര്‍ പങ്കെടുത്ത വന്സമ്മേളനത്തിലും സംബന്ധിച്ചിരുന്നു. 34 വര്‍ഷത്തിനുശേഷം ആദ്യമായി എത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി എന്നനിലയില്‍ വന്‍ സ്വീകരണമായിരുന്നു യു.എ.ഇ. ഭരണാധികാരികള്‍ മോദിക്ക് നല്‍കിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം ഏറെ ശക്തമാവാന്‍ ഈ സന്ദര്‍ശനം കാരണമായി. ഡല്‍ഹിയില്‍ കഴിഞ്ഞ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഇന്ത്യയുടെ വിശിഷ്ടാതിഥിയായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പങ്കെടുത്തതും ഈ ബന്ധത്തിന് കരുത്തേകി.
അബുദാബിയില്‍ ക്ഷേത്രം പണിയാനായി സ്ഥലം അനുവദിക്കണമെന്ന് യു.എ.ഇ. പര്യടനത്തിനിടയില്‍ മോദി യു.എ.ഇ. രാഷ്ട്രനേതാക്കളോട് അഭ്യര്‍ഥിച്ചിരുന്നു. അപ്പോള്‍തന്നെ സ്ഥലം അനുവദിച്ചുകൊണ്ടുള്ള ഉത്തരവും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പുറപ്പെടുവിച്ചു. ഈ സ്ഥലത്താണ് മോദി ക്ഷേത്രത്തിന്റെ തറക്കല്ലിടുന്നത്. ഗുജറാത്ത് ആസ്ഥാനമായുള്ള സ്വാമിനാരായണ്‍ എന്ന പ്രസ്ഥാനമാണ് ക്ഷേത്രം പണിയുന്നത്. ദുബായിലെ ബര്ദുബായിലുള്ള ക്ഷേത്രസമുച്ചയത്തിന്റെ നിയന്ത്രണവും സ്വാമി നാരായണ്‍ പ്രസ്ഥാനത്തിനാണ്.
Discussion about this post