കേരളത്തിലെത്തിയ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥിനെതിരെ സിപിഐ മുഖപത്രമായ ജനയുഗം. ചെലവുചുരുക്കല്‍ സംബന്ധിച്ച് പ്രകടിപ്പിക്കുന്ന ചില നിലപാടുകള്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെയേ സമീപിക്കൂ എന്നു വേണം കരുതാനെന്ന് സിപിഐ മുഖപത്രമായ ‘ജനയുഗം’ മുഖപ്രസംഗത്തില്‍ പറയുന്നു. ചില മാധ്യമങ്ങള്‍ക്കു നല്കിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണെന്നും മുഖപത്രത്തില്‍ വ്യക്തമാക്കുന്നു
ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥ് സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണെങ്കിലും ചില മാധ്യമങ്ങള്‍ക്കു നല്കിയ അനൗപചാരിക സംഭാഷണത്തിലെ സൂചനകള്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണെന്നാണ് ജനയുഗത്തിന്റെ മുന്നറിയിപ്പ്
ജനയുഗത്തിലെ മുഖപ്രസംഗത്തിന്റെ പൂര്‍ണരൂപം
ലോക കേരളസഭയില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. ഗീതാഗോപിനാഥ് ചില മാധ്യമങ്ങളുമായി അനൗപചാരിക സംഭാഷണം നടത്തുകയുണ്ടായി. അവ നല്കുന്ന സുചനകള്‍ ഏതെങ്കിലും തരത്തില്‍ കേരള സര്‍ക്കാരിന്റെ സാമ്പത്തികനയങ്ങളില്‍ സ്വാധീനം ചെലുത്തുന്നവയാണെങ്കില്‍ അത് തികച്ചും ആശങ്കാജനകമാണ്. കേരളം അഭിമുഖീകരിക്കുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കണമെന്ന അവരുടെ അഭിപ്രായം മുഖവിലയ്ക്ക് അസ്വീകാര്യമായ ഒരു നിര്‍ദ്ദേശമല്ല. എന്നാല്‍ ചെലവുചുരുക്കലിനെപ്പറ്റി പറയുന്ന ഗീതാഗോപിനാഥ് സര്‍ക്കാരിന്റെ ‘ബാധ്യതയായ’ ശമ്പളം, പെന്ഷന്, സബ്സിഡികള്‍, ക്ഷേമപദ്ധതികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം, അവയിലെ സ്വകാര്യ ഓഹരി പങ്കാളിത്തം, അടിസ്ഥാനസൗകര്യ വികസനത്തില്‍ സ്വകാര്യമേഖലാ പങ്കാളിത്തം, ജിഎസ്ടി എന്നിവയെപ്പറ്റിയെല്ലാം നേരില്‍ പറയാതെ തന്നെ ചിലതെല്ലാം പറഞ്ഞുവയ്ക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് എന്ന നിലയില്‍ സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ കൊണ്ടുവരുന്നതില്‍ ഒരു ചാലകശക്തിയായി അവര്‍ പ്രവര്‍ത്തിക്കുമെന്നും സൂചന നല്‍കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയിലും വികാസത്തിലും ഗീതാഗോപിനാഥ് പ്രകടിപ്പിക്കുന്ന താല്പര്യവും വിദേശ നിക്ഷേപം കൊണ്ടുവരുന്നതില്‍ കാണിക്കുന്ന ഉത്സാഹവും തികച്ചും ശ്ലാഘനീയമാണ്. എന്നാല്‍ ചെലവുചുരുക്കല്‍ അടക്കം സാമ്പത്തിക രംഗത്ത് നടപ്പാക്കേണ്ട പരിഷ്കാര നടപടികളെ മുഖ്യമന്ത്രിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കരുതലോടെയെ സമീപിക്കൂ എന്നുവേണം കരുതാന്‍. സര്‍ക്കാര്‍ തലത്തില്‍ നടക്കുന്ന അനാവശ്യ ധൂര്‍ത്തും ഒഴിവാക്കാവുന്ന ചെലവുകള്‍ നിയന്ത്രിക്കണമെന്നതിലും രണ്ട് പക്ഷമുണ്ടാവാന്‍ ഇടയില്ല. എന്നാല്‍ നിര്‍ദ്ദിഷ്ട ചെലവുചുരുക്കല്‍ ഗ്രീസും സ്പെയിനുമടക്കം പാശ്ചാത്യ രാഷ്ട്രങ്ങളുടെ ചെലവുചുരുക്കല്‍ നയങ്ങളുടെ തനിയാവര്‍ത്തനമാകാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
പാശ്ചാത്യ മുതലാളിത്ത ലോകത്തെ സാമ്പത്തിക പരിഷ്കാരങ്ങളുടെ മുഖമുദ്രയാണ് ചെലവുചുരുക്കല്‍. അതിന്റെ കെടുതികള്‍ അനുഭവിക്കേണ്ടിവരുന്നത് തൊഴിലാളികളും കര്‍ഷകരും തൊഴില്‍രഹിതരുമാണ്. അത് ഗ്രീസ്, സ്പെയിന്, ബ്രിട്ടന് തുടങ്ങി വിവിധ രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക കുഴപ്പങ്ങള്‍ക്കും രാഷ്ട്രീയ അസ്ഥിരീകരണത്തിനുമാണ് വഴിവച്ചത്. ചെലവുചുരുക്കല്‍ എന്ന നവലിബറല്‍ സാമ്പത്തിക പരിഷ്കരണ നടപടികള്‍ പാശ്ചാത്യ രാഷ്ട്രങ്ങളിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ കടപുഴക്കുകയും പലതിന്റെയും തിരോധാനത്തിനുതന്നെ കാരണമാവുകയും ചെയ്തിട്ടുണ്ട്. ഇവിടെയാണ് സര്‍ക്കാരിന്റെ ശമ്പളം, പെന്ഷന്, ക്ഷേമപദ്ധതികള്‍ എന്നിവയെപ്പറ്റിയുള്ള അവരുടെ പരാമര്‍ശം കൂട്ടിവായിക്കപ്പെടേണ്ടത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്കുന്ന ശമ്പളം, വിരമിച്ചവര്‍ക്കുള്ള പെന്ഷന്, ക്ഷേമപദ്ധതികള്‍ എന്നിവ അധിക ചെലവുകളാണെന്നും അവ പലതും നിയന്ത്രിക്കേണ്ടതും നിഷേധിക്കേണ്ടതുമാണെന്നുള്ള അഭിപ്രായങ്ങള്‍ക്ക് നവലിബറല്‍ കാലത്ത് ഏറെ പിന്തുണ ലഭിച്ചുപോരുന്നുണ്ട്. എന്നാല്‍ അവ അതിന്റെ പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള അവബോധത്തിന്റെ അഭാവത്തിലാണെന്നുവേണം കരുതാന്‍.
വിലക്കയറ്റം, ആരോഗ്യപരിരക്ഷ, കുതിച്ചുയരുന്ന വിദ്യാഭ്യാസ ചെലവുകള്‍, ഭൂമിയുടെയും പാര്‍പ്പിടത്തിന്റെയും അപ്രാപ്യത തുടങ്ങിയ വസ്തുതകളൊന്നും കണക്കിലെടുക്കാതെ വേതനം, പെന്ഷന്, ക്ഷേമപദ്ധതികള്‍ എന്നിവയെപ്പറ്റി നടത്തുന്ന നിഷേധാത്മക പരാമര്‍ശങ്ങള്‍ സമൂഹത്തില്‍ ഒരുവിഭാഗത്തിനെതിരെ മറ്റ് ജനവിഭാഗങ്ങളെ ഇളക്കിവിടുന്നതിന് തുല്യമാണ്. കുതിച്ചുയരുന്ന ജീവിത ചെലവുകളും വിലസൂചികയും പിടിച്ചുനിര്‍ത്താന്‍ ഫലപ്രദമായ മാര്‍ഗങ്ങള്‍ ആരായാതെ പരിഷ്കാര നടപടികളെപ്പറ്റി നടത്തുന്ന ചര്‍ച്ചകള്‍ യാഥാര്‍ഥ്യബോധത്തോടെയുള്ള നിര്‍ദ്ദേശങ്ങളല്ല.
അടിസ്ഥാന സൗകര്യ വികസനത്തിലും പൊതുമേഖലാ വ്യവസായ സംരംഭങ്ങളിലും വിദേശമൂലധനമടക്കം സ്വകാര്യ മൂലധന നിക്ഷേപത്തെ ആരും കണ്ണടച്ച് എതിര്‍ക്കുമെന്ന് കരുതാനാവില്ല. എന്നാല്‍ അത് ആരുടെ, എന്തുചെലവിലെന്നതിനെപ്പറ്റി വ്യക്തതയുണ്ടാവണം. അത് സമൂഹത്തിന്റെ പൊതു ആസ്തികള്‍ സ്വകാര്യ മൂലധനത്തിന് അടിയറവച്ചുകൊണ്ടാവരുത്. അത് ഒരു കാരണവശാലും ദേശീയപാതകള്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മിക്കുംവിധം പൊതുജനങ്ങളുടെ മേല്‍ കൂടുതല്‍ സാമ്പത്തിക ഭാരം അടിച്ചേല്‍പ്പിക്കുന്നതും പൊതുമുതല്‍ കൊള്ളയടിക്കാന്‍ സ്വകാര്യ മൂലധനത്തെ അനുവദിക്കുന്നതുമായിക്കൂട. നവലിബറല്‍ സാമ്പത്തിക പരിഷ്കാരങ്ങളുടെ ആഗോള അനുഭവം തൊഴില്‍രഹിത സാമ്പത്തിക വളര്‍ച്ചയാണ്. കേരളംപോലെ വിദ്യാസമ്പന്നമായ തൊഴില്‍ വിപണി നിലനില്‍ക്കുന്ന സംസ്ഥാനത്ത് അത്തരം വളര്‍ച്ച സാമൂഹ്യമായ പൊട്ടിത്തെറികള്‍ക്കും അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുമെന്ന കാര്യവും വിസ്മരിച്ചുകൂട.
Discussion about this post