
‘രോഗത്തിന്റ ഓര്‍മ്മകളുണര്‍ത്തി ഇപ്പോഴും ഇവിടെ അന്തേവാസികളെ കാണാം. വീട്ടുകാര്‍ എന്നേ ജീവിതവഴിയില്‍ ഉപേക്ഷിച്ചവര്‍, മടങ്ങിപ്പോകാന്‍ വഴികള്‍ ഇല്ലാത്തവര്‍, തുടര്‍ ചിക്തസ ഇപ്പോഴും ചെയ്യുന്നവര്‍..തുന്നിച്ചേര്‍ത്ത മുറിവുകളായി തുന്നാന്‍ കഴിയാത്ത ജീവിതവുമായി അവര്‍ അനോന്യം ജീവിതം പങ്കുവയ്ക്കുകയാണ്..’
രോഗം ഒരു കുറ്റമാണോ ഡോക്ടര്‍ ?
തോപ്പില്‍ ഭാസിയുടെ വിഖ്യാത നാടകം അശ്വമേധത്തില്‍ രോഗി ഡോക്ടറോട് ചോദിക്കുന്ന ചോദ്യമാണ് ഇത്. ഏറെക്കാലങ്ങളോളം മലയാളികളുടെ മനസ്സിനെ പൊള്ളിക്കുകയും ഉത്തരമില്ലാതെ ആകുലത ഉണ്ടാക്കുകയും ചെയ്ത ചോദ്യം. അരങ്ങുകളില്‍ നിന്ന് അരങ്ങുകളിലേക്ക് നാടകം കളിച്ചിറങ്ങിയപ്പോഴും ആ ചോദ്യം മലയാളികളുടെ പൊതുബോധത്തില്‍ കനല്‍ വീഴ്ത്തിക്കൊണ്ടിരുന്നു..
തോപ്പില്‍ ഭാസി അശ്വമേധം എഴുതിയിട്ട് പതിറ്റാണ്ടുകള്‍ പിന്നിട്ട് കഴിഞ്ഞു.. പരീക്ഷണശാലകള്‍ രോഗാണുവിനെ നേരിടാനുള്ള ഫലപ്രദമായ മരുന്നുകള്‍ കണ്ടെത്തി. മലയാളികളുടെ സാമൂഹ്യബോധവും ജീവിതരീതിയുമൊക്കെ കൂടുതല്‍ ആധുനികവത്ക്കരിക്കപ്പെട്ടു
വസൂരിയും കുഷ്ഠവുമൊക്കെ ശപിക്കപ്പെട്ട രോഗങ്ങളായിരുന്ന ഒരു കാലത്തുനിന്നാണ് നമ്മള്‍ ഇവിടെ വരെ എത്തിയത്. അതായത് കുഷ്ഠരോഗികള്‍ക്ക് വേണ്ടി ജയില്‍മുറികള്‍ വരെ നിര്‍മ്മിക്കപ്പെട്ടിരുന്ന കാലത്തുനിന്ന്.. കുഷ്ടരോഗികളെ ചെകുത്താന്റെ സന്തതികളായി കണ്ടിരുന്ന കാലം..രക്തബന്ധത്തില്‍പ്പെട്ട ആളാണെങ്കില്‍ പോലും രോഗം ബാധിച്ചാല്‍ ജീവനോടെ കൊല്ലാന്‍ പോലും മടികാണിക്കാത്ത ഒരു കാലം.
കുഷ്ടരോഗികളുടെ ദൈന്യത തിരിച്ചറിഞ്ഞ് 1936ല്‍ രാജഭരണകാലത്താണ് ലെപ്രസി സാനിറ്റോറിയത്തെ കുറിച്ച് ആലോചിച്ചത്. കാടുകയറി വിജനമായി തന്നെ കിടന്ന സ്ഥലം ഇതിനായി കണ്ടെത്തുകയും ചെയ്തു.ആലപ്പുഴ ജില്ലയിലെ കായംകുളത്തുനിന്ന് പത്തനംതിട്ട റോഡില്‍ നൂറനാടായിരുന്നു ഈ ഭൂമി…139.5 ഏക്കര്‍ ഭൂമിയിലായിരുന്നു സാനിറ്റോറിയം. രോഗികള്‍ കൂട്ടമായി ഇവിടെ പാര്‍പ്പിക്കപ്പെട്ടതോടെ സമൂഹത്തിനും രോഗമുണ്ടായി.. സാനിറ്റോറിയത്തിന് ചുറ്റും മതില്‍ കെട്ടി നാട്ടുകാരുടെ ‘രോഗത്തിനും’ ബന്ധപ്പെട്ടവര്‍ താല്‍ക്കാലിക പരിഹാരം കണ്ടെത്തി..രോഗപീഡകള്‍ കൊണ്ട് ശരീരത്തില്‍ മുറിവുകള്‍ വീണവര്‍ ജയില്‍ മുറികള്‍ എന്നറിയപ്പെട്ട ഒറ്റമമുറിക്കുള്ളില്‍ ദിനരാത്രങ്ങള്‍ അറിയാതെ നീങ്ങി.
തോപ്പില്‍ ഭാസിക്ക് സാനിറ്റോറിയവുമായുള്ള ബന്ധം പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് ടി കാര്‍ത്തികേയനുമായി ബന്ധപ്പെട്ടാണ്.കമ്യൂണിസ്റ്റ് രാഷ്്ട്രീയത്തിലെ ശക്തരായ നേതാക്കളുടെ ഗണത്തില്‍പ്പെട്ട കാര്‍ത്തികേയന്‍ കുഷ്ഠരോഗത്തിന്റെ പിടിയിലമര്‍ന്ന് സാനിറ്റോറിയത്തിലെ അന്തേവാസിയായി.തോപ്പില്‍ ഭാസിയും കാര്‍ത്തികേയനും തമ്മില്‍ വിപ്ലവ നേതാക്കള്‍ക്കപ്പുറം ഏറെ വ്യക്തിബന്ധമുണ്ടായിരുന്നു. സാനിറ്റോറിയത്തിലെ ഈ സന്ദര്‍ശനത്തില്‍നിന്നാണ് കേരളം കണ്ട ഏറ്റവും വിഖ്യാതമായ നാടകം അശ്വമേധം പിറവി എടുക്കുന്നത്. മുറിഞ്ഞവീണ വിരലുകളും കരഞ്ഞുണങ്ങിയ കണ്ണുകളുമായി ശപിക്കപ്പെട്ട ജന്മങ്ങളായി സാനിറ്റോറിയത്തിലെ ജയില്‍മുറികളില്‍ ജീവിതം ഇഴഞ്ഞുനീക്കുന്ന നിരപരാധികള്‍ ഭാസിയുടെ തൂലികയില്‍ ജീവിതം പറഞ്ഞു.
വര്‍ഷം 80 പിന്നിടുന്നു ലെപ്രസി സാനിറ്റോറിയം പ്രവര്‍ത്തനം തുടങ്ങിയിട്ട്. 139.95 ഏക്കറുണ്ടായിരുന്ന ഭൂമിയിലെ അമ്പതേക്കര്‍ ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് യൂണിറ്റിന് നല്‍കി… ബാക്കിയുള്ള സ്ഥലത്താണ് ഇപ്പോള്‍ പ്രവര്‍ത്തനം..
രോഗത്തിന്റ ഓര്‍മ്മകളുണര്‍ത്തി ഇപ്പോഴും ഇവിടെ അന്തേവാസികളെ കാണാം. വീട്ടുകാര്‍ എന്നേ ജീവിതവഴിയില്‍ ഉപേക്ഷിച്ചവര്‍, മടങ്ങിപ്പോകാന്‍ വഴികള്‍ ഇല്ലാത്തവര്‍, തുടര്‍ ചിക്തസ ഇപ്പോഴും ചെയ്യുന്നവര്‍..തുന്നിച്ചേര്‍ത്ത മുറിവുകളായി തുന്നാന്‍ കഴിയാത്ത ജീവിതവുമായി അവര്‍ അനോന്യം ജീവിതം പങ്കുവയ്ക്കുകയാണ്..
ഒരുകാലത്ത് മതില്‍കെട്ടി അതിരിട്ട സ്ഥലം.. ഇന്ന് ആ അതിര് ഭേദിച്ച് ആളുകള്‍ ഇവിടേക്ക് വരുന്നു..എല്ലാവിധ രോഗങ്ങള്‍ക്കമുള്ള ചിക്തിസ തേടുന്നു..സര്‍ക്കാരിന്റെ പൂര്‍ണ സൗജന്യ ചികിത്സ..പക്ഷേ അതിന് വേണ്ടിവന്നത് പതിറ്റാണ്ടുകള്‍..അതിനായി എത്രത്തോളം കണ്ണീര്‍ ഇവിടുത്തെ ജയില്‍ മുറികളില്‍ ഒഴുകി ഇറങ്ങിയിരിക്കണം..ഇവിടുത്തെ കാട്ടുമരങ്ങള്‍ അനേകങ്ങളുടെ കണ്ണീരില്‍ തളിര്‍ത്തതാണ്. ഇടവഴികള്‍ ഇടറിയ കാലുകളുടെ സ്പര്‍ശനങ്ങളേറ്റതാണ്… എങ്കിലും ഇവിടെ നടക്കുമ്പോള്‍ ഒരു സുഖമുണ്ട്…തോപ്പില്‍ ഭാസിയുടെ കഥാപാത്രത്തിന്റെ ചോദ്യത്തിന് അല്‍പ്പം വൈകിയെങ്കിലും മറുപടി ഉണ്ടായതില്‍…
Discussion about this post