കൊല്ലം: ശാസ്താംകോട്ട ശുദ്ധജലതടാക സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച പ്രകൃതി സ്നേഹികളുടെ കാത്തിരിപ്പിന് ശുഭപ്രതീക്ഷയേകി പ്രധാനമന്ത്രിയുടെ ഉറപ്പ്. തടാകസംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. തടാക സംരക്ഷണ സമിതി ചെയര്മാന് കെ കരുണാകരന് പിള്ള നല്കിയ കത്തിന്റെ മറുപടിയായിട്ടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് കത്തയച്ചത്. തുടര്‍നടപടിക്കായി കത്തിന്റെ പകര്‍പ്പ് കേന്ദ്രജലവിഭവ സെക്രട്ടറിക്കും കൈമാറിയിട്ടുണ്ട്.
ശാസ്തംകോട്ട തടാകസംരക്ഷണം ആവശ്യപ്പെട്ട് തടാകസംരക്ഷണസമിതി ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് കെ കരുണാകരന് പിള്ള ഇക്കഴിഞ്ഞ മാസം 30 ന് പ്രധാനമന്ത്രിക്ക് കത്തയിച്ചിരുന്നു. ഇതിന് നല്കിയ മറുപടിയിലാണ് സംരക്ഷണത്തിന് നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും വ്യക്തമാക്കിയിരിക്കുന്നത്. തടാകസംരക്ഷണത്തിന്റെ പ്രാധാന്യം മനസിലാക്കുന്നതായും ഇടപെടല്‍ ഉടന്‍ ഉണ്ടാകുമെന്നുമാണ് കത്തിന്റെ ഉള്ളടക്കം.
സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകത്തിന്റെ സംരക്ഷണത്തിന് ആവശ്യമായ നടപടി സ്വീകരിക്കാനായി കേന്ദ്രജലവിഭവ വകുപ്പ് സെക്രട്ടറിക്ക് കത്ത് കൈമാറുകയും ചെയ്തിട്ടുണ്ട്. നടപടികള്‍ എടുത്ത ശേഷം പ്രധാനമന്ത്രിയുടെ ഓഫീസിന് മറുപടി നല്‍കാനും നിര്‍ദേശമുണ്ട്. കാലങ്ങളായി സംസ്ഥാനസര്‍ക്കാര്‍ തടാകം സംരക്ഷിക്കാന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതല്ലാതെ പ്രാരംഭനടപടികള്‍ പോലും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തടാകസംരക്ഷണസമിതി കേന്ദ്രസഹായം തേടിയത്.
Discussion about this post