പത്തനംതിട്ട: പരാതി രഹിത ശബരിമല തീര്‍ത്ഥാടനമായിരുന്നു ഇത്തവണത്തേതെന്നുള്ള സര്‍ക്കാരിന്റെ വാദം പൊളിയുന്നു. മകരവിളക്ക് ദിവസം പൊലീസ് സന്നിധാനത്ത് തിരുവാഭരണ സംഘത്തെ വലിയ നടപ്പന്തലില്‍ വടം കെട്ടിത്തടഞ്ഞതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായത്. ഗുരുസ്വാമിയെ അടക്കം പൊലീസ് അപമാനിച്ചു. സംഘത്തെ അനുഗമിച്ചവരെ ഒഴിവാക്കാന്‍ നടത്തിയ നീക്കം ബാരിക്കേഡിനുള്ളില്‍ തിക്കും തിരക്കമുണ്ടാക്കി.
പൊലീസിന്റെ കൈയേറ്റം ഭയന്ന് ഓടിയ അയ്യപ്പന്മാര് നടത്തിയ ഉന്തിലും തള്ളിലും വന്‍ ദുരന്തം ഉണ്ടാകേണ്ടിയിരുന്നതാണ്. ശബരിമലയില്‍ വര്‍ഷങ്ങളായി സേവനം അനുഷ്ടിച്ച് പരിചയമുള്ള സന്നിധാനം എസ്ഐ ബി വിനോദ്കുമാര്‍ ഉന്നത ഉദ്യോഗസ്ഥരെ മറികടന്ന് നടത്തിയ മിന്നല്‍ നീക്കമാണ് വന്‍ദുരന്തം ഒഴിവാക്കിയത്. 81 വയസുള്ള തിരുവാഭരണ ഗുരുസ്വാമിയെ അടക്കം പൊലീസ് അപമാനിച്ചപ്പോള്‍ ശബരിമലയുടെ ചരിത്രത്തിലാദ്യമായി ദീപാരാധന മകരനക്ഷത്രം ഉദിച്ച ശേഷമാണ് നടന്നത്. പന്തളം കൊട്ടാരം ഇതിനെതിരെ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെടുത്തിരിക്കുന്നത്. ഇതോടെ പരാതി രഹിത തീര്‍ത്ഥാടനമെന്ന സര്‍ക്കാരിന്റെ അവകാശവാദം പൊളിയും.
മകരവിളക്ക് ദിവസം ശബരിമലയില്‍ നടന്നത് പൊലീസിന്റെ ഗുണ്ടായിസം ആണെന്ന് തിരുവാഭരണ ഘോഷയാത്രാ സംഘത്തെ അനുഗമിച്ചര് വെളിപ്പെടുത്തുന്നു. ഘോഷയാത്ര വലിയ നടപ്പന്തലില്‍ പൊലീസ് വടം കെട്ടിത്തടഞ്ഞതിലൂടെ തിരുവാഭരണ സംഘത്തിന് നേരിടേണ്ടി വന്നത് കടുത്ത അപമാനമായിരുന്നു. തിരുവാഭരണ ഘോഷയാത്രയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം പന്തളത്ത് നിന്നുള്ള സംഘത്തിന് നേരിടേണ്ടി വന്നതെന്ന് ഒപ്പം എത്തിയവര്‍ പറയുന്നു.
മാത്രമല്ല ഭക്തര്‍ക്ക് നേരെയും മൂന്നാം മുറയുണ്ടായി. മാധ്യമപ്രവര്‍ത്തകര്‍ക്കും വിഐപികള്‍ക്കും മാത്രമായി സന്നിധാനത്തേക്ക് പ്രവേശിക്കാനുള്ള ഗേറ്റും പൊലീസ് അടച്ചു. ചോദ്യം ചെയ്തവരെ അധിക്ഷേപിക്കുകയും ചെയ്തു. തിരുവാഭരണ ഘോഷയാത്ര വലിയനടപ്പന്തലില്‍ പൊലീസ് വടം കെട്ടിത്തടഞ്ഞതോടെ ഞെട്ടിയത് ദേവസ്വം അധികാരികളാണ്. തടയുക മാത്രമല്ല, സംഘത്തില്‍ നിന്ന് ചിലരെ മാറ്റി നിര്‍ത്താന്‍ ശ്രമിച്ചതിലൂടെ പൊലീസ് സൃഷ്ടിച്ച തിക്കും തിരക്കും വലിയ ദുരന്തത്തിലേക്ക് മാറേണ്ടതായിരുന്നു. ബാരിക്കേഡിനുള്ളില്‍ തീര്‍ത്ഥാടകര്‍ പൊലീസിനെ പേടിച്ച് ശരിക്കും പരക്കം പായുകയായിരുന്നു.
തുടര്‍ന്ന് തിരുവാഭരണ ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരപിള്ളയോട് ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ മാപ്പു പറഞ്ഞു. ശബരിമലയില്‍ നടന്നത് ശരിക്കും നീതിനിഷേധമായിരുന്നു. തിരുവാഭരണം തടഞ്ഞത് അയ്യപ്പ സ്വാമിയോടുള്ള അവഹേളനമായിട്ടാണ് പന്തളം കൊട്ടാരം നിര്‍വാഹകസംഘം സെക്രട്ടറി പിഎന്‍ നാരായണവര്‍മ, ക്ഷേത്രഉപദേശകസമിതി പ്രസിഡന്റ് ജി പൃഥ്വിപാല്‍, സെക്രട്ടറി എസ് ശരത്കുമാര്, പ്രദേശത്തെ കൗണ്‍സിലര്‍ കെആര്‍ രവി എന്നിവര്‍ കാണുന്നത്.
Discussion about this post