കൊച്ചി: അഖില കേസിലെ വിധിക്കെതിരെ ഹൈക്കോടതിയിലേക്കു മാര്‍ച്ചു നടത്തുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്ത കേസില്‍ എസ്ഡിപിഐ നേതാവ് അറസ്റ്റില്‍. എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് പെരുമ്പാവൂര്‍ വെങ്ങോല വടവനക്കുടി വീട്ടില്‍ ഷൗക്കത്തിലാണ് അറസ്റ്റിലായത്.
വൈക്കം സ്വദേശി അഖിലയുടെ വിവാഹം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് മുസ്ലിം ഏകോപന സമിതിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തിയത്. കഴിഞ്ഞ മെയ് 29ന് ആയിരുന്നു പ്രതിഷേധ മാര്‍ച്ച്. മാര്‍ച്ചിനിടെ ഷൗക്കത്തലി പൊലീസ് വാനിനു മുകളില്‍ കയറുകയും ജഡ്ജിക്കെതിരെ പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്തിരുന്നു.കേസ് രജിസ്റ്റര്‍ ചെയ്തതോടെ ഒളിവില്‍ പോയ ഷൗക്കത്തലിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കലൂരില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്‌സ് കോളജിനു മുന്നില്‍ പൊലീസ് തടഞ്ഞെങ്കിലും ബാരിക്കേഡ് തള്ളിമറിച്ച പ്രതിഷേധക്കാര്‍ ഹൈക്കോടതി പരിസരത്തേക്കു നീങ്ങുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂവായിരം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഒളിവില്‍ കഴിയുന്നവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post