ഡല്‍ഹി : തിരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ നില്‍ക്കെ ത്രിപുരയില്‍ ഉഡ്താ പഞ്ചാബ് മോഡല്‍ സിനിമാ വിവാദം. ‘ലാല്‍ സര്‍ക്കാര്‍’ എന്ന ഹിന്ദി ചിത്രം തങ്ങള്‍ക്കെതിരെയുള്ള ബിജെപിയുടെ ‘പ്രചാരണതന്ത്ര’മാണെന്നു സംശയവുമായി സിപിഎം രംഗത്തെത്തുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി 18നാണു ത്രിപുരയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ഫെബ്രുവരി ആദ്യ ആഴ്ച റിലീസിനൊരുങ്ങുന്ന ലാല്‍ സര്‍ക്കാര്‍ , ത്രിപുരയിലെ ഇടതുഭരണത്തിലെ അഴിമതികള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ഡോക്യുമെന്ററി സംവിധായകന്റെ കഥയാണു പറയുന്നതെന്നാണ് നിഗമനം. സിനിമയുടെ റിലീസിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണു സിപിഎം.
അതേസമയം ‘സിനിമയ്ക്കു ബിജെപിയുമായി ഒരു ബന്ധവുമില്ലെന്നും സ്വന്തം പണം മുടക്കി, യാഥാര്‍ഥ്യങ്ങളെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണു സിനിമ’ എന്നും നിര്‍മാതാവ് സുഷീല്‍ ശര്‍മന്‍ പറയുന്നു. ത്രിപുരയിലെ ഗോത്രവര്‍ഗങ്ങളെക്കുറിച്ചു ഡോക്യുമെന്ററി നിര്‍മിക്കാന്‍ ശ്രമിച്ചപ്പോഴുള്ള അനുഭവങ്ങളാണു സിനിമ ചെയ്യാന്‍ പ്രേരണയായതെന്നു സുഷീല്‍ പറയുന്നു. ”കഴിഞ്ഞ ഡിസംബറില്‍ റിലീസ് ചെയ്യാനിരുന്നതാണ്. പക്ഷേ, ജോലികള്‍ പൂര്‍ത്തിയായില്ല.” -എന്നാണ് വിശദീകരണം.
എന്നാല്‍, സിനിമയ്ക്ക് പിന്നില്‍ ബിജെപിതന്നെയാണെന്നും എല്ലാ മണ്ഡലങ്ങളിലും സിനിമ പ്രദര്‍ശിപ്പിക്കാന്‍ അവര്‍ സ്‌ക്രീന്‍ പിടിപ്പിച്ച വാഹനങ്ങള്‍ എത്തിച്ചിട്ടുണ്ടെന്നും സിപിഎം ആരോപിക്കുന്നു.ചിത്രത്തില്‍്. ബിജെപി എംപി ബാബുല്‍ സുപ്രിയോ സിനിമയില്‍ ഒരു പാട്ടു പാടിയിട്ടുണ്ട്. അഭിജിത് അശോക് പോള്‍ സംവിധാനം ചെയ്ത ചിത്രം ബംഗാളി, ത്രിപുരയിലെ ഗോത്രഭാഷയായ കോക്‌ബോറോക് എന്നിവയിലേക്കും ഡബ് ചെയ്തിട്ടുണ്ട്.
നേരത്തെ പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായും സമാനമായ വിവാദം ഉയര്‍ന്നിരുന്നു. ഉഡ്താ പഞ്ചാബ് എന്ന ചിത്രം പഞ്ചാബിലെ മയക്കുമരുന്നു മാഫിയയും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ പ്രമേയമാക്കിയ സിനിമയായിരുന്നു. ഇത് പഞ്ചാബ് സര്‍ക്കാരിനും പഞ്ചാബി ജനതയ്ക്കും എതിരായ നീക്കമാണെന്ന് അന്ന് ഭരണകക്ഷിയായിരുന്നു അകാലിദള്‍ ആരോപിച്ചിരുന്നു. സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് ചില കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചത് കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ മൂലമാണെന്ന ആരോപണം കോണ്‍ഗ്രസും, എഎപിയും ഇടതുപാര്ട്ടികളും ഉയര്‍ത്തി. എന്നാല്‍ ചിത്രം തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ തിയറ്ററുകളില്‍ എത്തിയിരുന്നു.
Discussion about this post